മൂവാറ്റുപുഴ: തൊഴിലുറപ്പ്, അങ്കണവാടി, ആശാ ജീവനക്കാരുടെ കഠിനാധ്വാനത്തിന് അർഹമായ വേതനം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണo ഡീൻ കുര്യാക്കോസ് എം. പി. ലോക് സഭയിൽ റൂൾ 377 പ്രകാരം സബ്മിഷനിലൂടെ ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം.
സർക്കാർ ക്ഷേമ പദ്ധതികളുടെ ഒഴിച്ചു കൂടാനാകാത്ത ഘടകമായിട്ടും, അങ്കണവാടി അധ്യാപകരും, തൊഴിലുറപ്പ് പദ്ധതി ജീവനക്കാരും, ആശാ വർക്കർമാരും കൈപ്പറ്റുന്നത് വളരെ തുച്ഛമായ ശമ്പളമാണ്. എൻഎച്ച്എമ്മിന് കീഴിലുള്ള ഫണ്ട് കൃത്യമായി അനുവദിക്കാത്തതാണ് ഇതിനു കാരണം.
പുതുച്ചേരിയിൽ ഒരു ആശാ വർക്കർക്ക് നിശ്ചിത അലവൻസായി 10,000 രൂപ നൽകുന്നു. ഇത് മധ്യപ്രദേശിൽ 6,000 രൂപയും, പശ്ചിമ ബംഗാളിൽ 4,500 രൂപയും, കേരളത്തിൽ 6,000 രൂപയുമാണ് – സംസ്ഥാന സർക്കാർ വിഹിതമായി 4,000 രൂപയും ബാക്കി 2,000 രൂപ പഞ്ചായത്ത് വിഹിതവുമാണ്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഈ തുക വളരെ തുച്ഛമാണ്. അതിനാൽ അടിയന്തിരമായി അങ്കണവാടി, ആശാ പ്രവർത്തകരുടെ മാസ വേതനം 25,000 രൂപയായി ഉയർത്തണമെന്ന് എം പി ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് പദ്ധതി ജീവനക്കാർക്ക് പ്രദേശത്തെ ജീവിത വേതനവുമായി പൊരുത്തപ്പെടുന്ന രീതിയിലുള്ള ദിവസവേതനം വർദ്ധിപ്പിക്കണമെന്നും ഡീൻ കുര്യാക്കോസ് ലോക്സഭയിൽ ആവശ്യപ്പെട്ടു.