മൂവാറ്റുപുഴ: റീബില്‍ഡ് കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 155.65 കോടിരൂപ ചിലവില്‍ നിര്‍മ്മിക്കുന്ന മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ രണ്ടു റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍വ്വഹിക്കുമെന്ന് മാത്യു കുഴല്നാടന് എം.എല്‍.എ അറിയിച്ചു. വൈകിട്ട് 3.30 ന് ആയവനയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും. മൂവാറ്റുപുഴ തേനി റോഡിന്റെയും കക്കടാശ്ശേരി കാളിയാര്‍ റോഡിന്റെയും നിര്മ്മാണോദ്ഘാടനങ്ങളാണ് ഇന്ന് നടക്കുക. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയ രണ്ട് റോഡുകളുടെ നവീകരണം സംസ്ഥാനത്ത് ജര്‍മന്‍ സാമ്പത്തീക സഹായത്തോടെയാണ് നടക്കുക. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. ഡോ. മാത്യു കുഴല്നാടന് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യ അഥിതിയാവും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ഉല്ലാസ് തോമസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. അഗസ്റ്റിന് ജോസഫ്, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി ചെയര്മാന് പി.പി. എല്‍ദോസ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷെല്‍മി ജോണ്സണ് (ആവോലി), സുറുമി അജേഷ് (ആയവന), ജോര്‍ജ്ജ് തെക്കേക്കര (കല്ലൂര്‍ക്കാട്), എന്‍.എം. ജോസഫ് (പോത്താനിക്കാട്), സിസി ജെയ്സണ്‍ (പൈങ്ങോട്ടൂര്‍) മുന്‍ എം.എല്‍.എ അഡ്വ. എല്‍ദോ എബ്രഹാം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റാണിക്കുട്ടി ജോര്‍ജ്ജ് വിവിധ നേതാക്കളായ ജോസ് പെരുമ്പള്ളിക്കുന്നേല്‍,എം. ആര് പ്രഭാകരന്, എന്‍ അരുണ്‍, പി.എം.അമീര്‍ അലി, ജോളി ജോര്‍ജ്ജ്് , ഷൈന്‍ ജേക്കബ്ബ്, വില്‍സണ്‍ നെടുങ്കല്ലേല്‍, അഡ്വ. മാത്യു ജോണ്‍, അഡ്വ. പോള്‍ ജോസഫ്, വി. സി ഷാബു എന്നിവര്‍ ആശംസകള്‍ നേരും. (ബി.ജെ.പി) പി.ഡബ്ല്യു.ഡി സെക്രട്ടറി ആനന്ദ് സിംഗ് ഐ.എ.എസ് സ്വാഗതവും അസി. എഞ്ചിനീയര്‍ ലിനു കെ.ജെ നന്ദിയും പറയും.
മൂവാറ്റുപുഴ-തേനി ഹൈവേയുടെ ഭാഗമായ മൂവാറ്റുപുഴ ചാലിക്കടവ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് മൂവാറ്റുപുഴ നിയോജക മണ്ഡലാതിര്‍ത്തിയായ പെരുമാംകണ്ടത്ത് അവസാനിക്കുന്ന കോട്ട റോഡിന് 87.74-കോടി രൂപയും കക്കടാശ്ശേരിയില്‍ നിന്നും ആരംഭിച്ച് മൂവാറ്റുപുഴ നിയോജക മണ്ഡലാതിര്‍ത്തിയായ ഞാറക്കാട് അവസനിക്കുന്ന കാളിയാര്‍, വണ്ണപ്പുറം റോഡിന് 67.91-കോടി രൂപയും അനുവദിച്ചത്.
ഡല്‍ഹി ആസ്ഥാനമായുള്ള ലൂയിസ് ബര്‍ഗര്‍ കണ്‍സള്‍ട്ടന്‍സിയുടെ നേതൃത്വത്തിലാണ് സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്. എല്‍ ആന്റ് ടി. ഏജന്‍സിയാണ് ഡി.പി.ആര്, എസ്റ്റിമേറ്റ് തയ്യാറാക്കിയത്. കെ.എസ്.ടി.പിയ്ക്കാണ് നിര്‍മ്മാണ ചുമതല.
കൊച്ചി-മധുര ദേശീയ പാതയിലെ ചാലിക്കടവ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ഇടുക്കി ജില്ലാ അതിര്‍ത്തിയായ പെരുമാംകണ്ടത്ത് അവസാനിക്കുന്ന 15.75- കിലോമീറ്റര്‍ വരുന്ന കോട്ടറോഡ് മൂവാറ്റുപുഴ – തേനി ഹൈവേയുടെ ഭാഗമാണ്. മൂവാറ്റുപുഴ നഗരസഭ, ആവോലി, മഞ്ഞള്ളൂര്‍, കല്ലൂര്‍ക്കാട് പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന റോഡിലെ പ്രധാന കവലകളും, വളവുകളും, പാലങ്ങളും, കലുങ്കുകളും, ഓടകളുമെല്ലാം പുനര്‍നിര്‍മിച്ച് മനോഹരമാക്കുന്നതാണ് പദ്ധതി. ഇതോടൊപ്പം റോഡ് ലവല്‍ ചെയ്യുന്നതിന്റെ ഭാഗമായി റോഡിലെ കേറ്റങ്ങളെല്ലാം തന്നെ ലവല്‍ ചെയ്യും. റോഡ് ഡി.ബി.എം ആന്റ് ബി.സി.നിലവാരത്തിലാണ് ഏഴ് മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്യുന്നത്. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് എളുപ്പത്തില്‍ ഇടുക്കിയില്‍ എത്തിച്ചേരാനാകുമെന്ന് ഡോ. മാത്യു കുഴല്നാടന് എം.എല്‍.എ പറഞ്ഞു.
കേരളത്തെയും തമിഴ്നാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മൂവാറ്റുപുഴ -തേനി ഹൈവേക്ക് 185 കിലോമീറ്റര്‍ ദൂരമാണുള്ളത്. എറണാകുളം ജില്ലയില്‍ 15 കിലോമീറ്ററും ഇടുക്കി ജില്ലയില്‍ 140 കിലോമീറ്ററും തമിഴ്നാട്ടില്‍ 30 കിലോമീറ്ററും ഉള്‍പ്പെടുന്നതാണ് നിര്‍ദിഷ്ട മൂവാറ്റുപുഴ-തേനി ഹൈവേ. കക്കടാശേരി മുതല്‍ ഞാറക്കാട് വരെ 20.17 കിലോമീറ്റര്‍ വരുന്ന കാളിയാര്‍-കക്കടാശ്ശേരി റോഡ് ആധുനിക രീതിയില്‍ വികസിപ്പിക്കാനാണ് പദ്ധതി. പാത കടന്ന് പോകുന്ന ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂര്‍,പഞ്ചായത്തുകളിലെ പ്രധാന കവലകളും,വളവുകളും, പാലങ്ങളും, കലുങ്കുകളും,ഓടകളും വികസിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചും യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി ചരിത്ര നേട്ടമാകും നാടിനു സമ്മാനിക്കുകയെന്നും എം.എല്‍.എ പറഞ്ഞു.
നിര്‍ദിഷ്ട കക്കടാശേരി-ചേലച്ചുവട് പാത പദ്ധതിക്കു പുതുജീവന്‍ നല്‍കിക്കൊണ്ടാണ് റീബില്‍ഡ് കേരളം പദ്ധതിയില്‍ കക്കടാശേരി മുതല്‍ ഞാറക്കാട് വരെയുള്ള റോഡ് വികസനം ഇടം പിടിച്ചത്. കൊച്ചി -ധനുഷ്കോടി ദേശീയപാതയിലെ കക്കടാശേരിയില്‍ തുടങ്ങി കോതമംഗലം -ഇടുക്കി റോഡിലെ ചേലച്ചുവട് വരെയെത്തുന്ന 50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണിത്. റോഡ് കടന്ന് പോകുന്ന ഭാഗത്തെ പാലമായ കക്കടാശ്ശേരി പാലത്തില്‍ നടപ്പാതയടക്കം നിര്‍മിക്കും. കൊച്ചിയില്‍ നിന്നും മറ്റു റൂട്ടുകളെ അപേക്ഷിച്ചു ഇടുക്കിയിലെത്താന്‍ 15 കിലോമീറ്ററിലധികം ദൂരക്കുറവും, എറണാകുളം -ഇടുക്കി യാത്ര ദൂരത്തില്‍ 35 കിലോമീറ്ററും ദൂരക്കുറവും,നിരവധി ഗ്രാമങ്ങളുടെ ഗതാഗത വികസനവുമാണ് പദ്ധതിയുടെ മുഖ്യ ആകര്‍ഷണം. ആലപ്പുഴ -മധുര സംസ്ഥാന ഹൈവേ പദ്ധതിയില്‍ ചേലച്ചുവടിനെയും മുരിക്കാശേരിയെയും ബന്ധിപ്പിച്ച പാലം കൂടി യാഥാര്‍ഥ്യമായതോടെ എറണാകുളത്ത് നിന്ന് മുവാറ്റുപുഴ വഴി ഈ പാതയിലൂടെ മേലെ ചിന്നാര്‍, ബഥേല്‍, നെടുങ്കണ്ടം, കമ്പംമെട് വഴി മധുരയ്ക്ക് 50 കിലോമീറ്ററോളം ദൂരക്കുറവുണ്ടാകുന്ന ചരിത്ര നേട്ടവും യാത്രികര്‍ക്കുണ്ടാകും.
നിലവില്‍ ഈ റോഡിന്റെ ഭാഗമായ വണ്ണപ്പുറം മുതല്‍ ചേലച്ചുവട് വരെ ആലപ്പുഴ -മധുര സംസ്ഥാന ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ,കക്കടാശേരി മുതല്‍ ഞാറക്കാട് വരെയാണ് എറണാകുളം ജില്ലയില്‍ റോഡ് വികസനം നടക്കാനുള്ളത് .