മട്ടാഞ്ചേരി: കുടുംബശ്രീയുടെ പേരില്‍ വ്യാജരേഖകളുണ്ടാക്കി വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ കുടുങ്ങി കൂടുതല്‍ വീട്ടമ്മമാര്‍. മട്ടാഞ്ചേരി അഞ്ചാം വാര്‍ഡില്‍ നിന്ന് 20-ഓളം വീട്ടമ്മമാരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വീട്ടമ്മമാരുടെ പേരിലാണ് വ്യാജമായി വായ്പ എടുത്തിരിക്കുന്നത്. മട്ടാഞ്ചേരി വില്ലേജില്‍ ഉള്‍പ്പെടുന്ന ഇവര്‍ക്ക് എല്ലാവര്ക്കും ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ജപ്തി ഡിമാന്‍ഡ് നോട്ടീസ് ലഭിച്ചതോടെയാണ് വായ്പയുടെ വിവരം തങ്ങള്‍ അറിയുന്നതെന്നാണ് വീട്ടമ്മമാമര് പറയുന്നത്.
20 വര്‍ഷത്തോളമായി കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ പ്രവര്‍ത്തിക്കുന്നവരും ഇക്കൂട്ടത്തില്‍ കെണിയില്‍ അകപ്പെട്ടിട്ടുണ്ട്. കൂടാതെ ഇതില്‍ ഇതുവരെയും ഒരു വായ്പയും ര്വീകരിക്കാത്തവരും ഉള്‍പ്പെടുന്നു. എടുക്കാത്ത വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ജപ്തി നടപടി നേരിടേണ്ടി വന്നിരിക്കുകയാണെന്നാണ് പരാതിക്കാര്‍ പറയുന്നത്.
അഞ്ചാം ഡിവിഷനില്‍ ശ്രേയസ് അയല്‍ക്കൂട്ടത്തിലെ അംഗങ്ങളാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. ഇവരുടെ ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപയോഗിച്ച് ഇടച്ചിറ യൂണിയന് ബാങ്കില്‍ നിന്നാണ് എട്ട് ലക്ഷം രൂപയോളം വായ്പ എടുത്തിരിക്കുന്നത്. ഐഡിബിഐ തൃപ്പൂണിത്തുറ ശാഖയില്‍ നിന്ന് പത്ത് ലക്ഷം രൂപയുടെ വായ്പയും അനധകൃതമായി എടുത്തിട്ടുണ്ട്.
ഫോര്‍ട്ട്കൊച്ചി 28-ാം വാര്‍ഡിലും സമാനമായ രീതിയില്‍ വീട്ടമ്മമാര്‍ കബളിപ്പിക്കപ്പെട്ടതായി ആരോപണം ഉയരുന്നുണ്ട്. ഫോര്‍ട്ട്കൊച്ചി പോലീസ് സ്റ്റേഷനിലും ഇത് സംബന്ധിച്ച് വീട്ടമ്മമാര്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്ങളുടെ അറിവും സമ്മതവും ഇല്ലാതെ രേഖകള്‍ ഉപയഗിച്ച് കാനറാ ബാങ്ക് ഫോര്‍ട്ട്കൊച്ചി ശാഖയില്‍ നിന്ന് പത്ത് ലക്ഷം രൂപയുടെ ലിങ്കേജ് വായ്പയെടുത്തിരുന്നുവെന്നാണ് പരാതി. എഡിഎസ് മുന്‍ ചെയര്‍പേഴ്സണെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.