എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയില്‍ കലാ സന്ധ്യയുമായി ഒരു കൂട്ടം സര്‍ക്കാര്‍ ജീവനക്കാര്‍. കാക്കനാട് സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജീവനക്കാരാണ് ഗാനാലാപനവുമായി വേദിയിലെത്തിയത്.
ലാന്റ് അക്വസിഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.ബി സുനി ലാലിന്റെ നേതൃത്വത്തിലായിരുന്നു ജീവനക്കാരുടെ ഗാനമേള നടന്നത്. സിവില്‍ സ്റ്റേഷനിലും നാട്ടിലുമുള്ള വിവിധ പരിപാടികളില്‍ പാട്ടു പാടിയിട്ടുണ്ടെങ്കിലും ഇതുപോലെ പ്രൗഡമായ വേദിയില്‍ എല്ലാവരും ആദ്യമായിട്ടായിരുന്നു പാട്ടുപാടുന്നത്. എന്നാല്‍ വിവിധ ഭാഷകളിലെ പഴയതും പുതിയതുമായ ഗാനങ്ങള്‍ യാതൊരു സങ്കോചവുമില്ലാതെ തനിമ ചോരാതെ ആലപിക്കാന്‍ കഴിഞ്ഞത് ആസ്വാദകര്‍ക്ക് മികച്ച അനുഭവമായിരുന്നു കാഴ്ച വെച്ചത്.
റവന്യൂ വിഭാഗത്തിലെ അഞ്ച് ജീവനക്കാരും ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ മൂന്ന് പേരും പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ഒരാളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. തഹസില്‍ദാര്‍മാരായ കെ. രാധാകൃഷ്ണന്, എ.എസ് മീനാകുമാരി, വില്ലേജ് ഓഫീസര്‍ സി.കെ സുനില്‍, ക്ലാര്‍ക്ക് കാവ്യ എസ്. മേനോന് എന്നിവരായിരുന്നു ഗായക സംഘത്തിലെ റവന്യൂ വകുപ്പുകാര്‍. പൊതുമരാമത്ത് വകുപ്പ് ജീവനക്കാരന് സി.ജി രാജപ്പന്, താലൂക് സപ്ലൈ ഓഫീസര്‍ മുരളീധരന് , സപ്ലൈ ഓഫീസ് ജീവനക്കാരായ മനോജ്, സൂരജ് എന്നിവരായിരുന്നു മറ്റുള്ള സര്‍ക്കാര്‍ ജീവനക്കാര്‍. ഇവര്‍ക്ക് പുറമേ ബിബിന്‍ ബേസില്‍, സിബി സുബ്രഹ്മണ്യന്, കാവ്യ ബിജേഷ് എന്നിവരും ഗാനങ്ങള്‍ ആലപിച്ചു.