മൂവാറ്റുപുഴ: പ്ലൈവുഡ് കമ്പനിയുടെ മറവിൽ മാരക മയക്കു മരുന്ന് വിൽപന നടത്തിവന്ന വൻ സംഘത്തെ എക്സൈസ് സംഘം പിടികൂടി. എം ഡി എം എ ഉപയോഗത്തിനുള്ള ഉപകരണങ്ങളുടെ കമ്പനിയിൽ നിന്നും കണ്ടെടുത്തു. ശനിയാഴ്ച രാത്രി പരിശോധനയിലാണ് വൻ ലഹരിമാഫിയ സംഘം വലയിലായത്.
മൂവാറ്റുപുഴ താലൂക്ക് മുളവൂർ പൊന്നിരിക്കപ്പറമ്പ് ഭാഗത്തുനിന്നും എം.ഡി.എം.എയും കഞ്ചാവുമായി 7 പേർ പിടിയിലായി. പൊന്നിരിക്കപ്പറമ്പ് ഭാഗത്ത് പ്രവർത്തിക്കുന്ന ഡെക്ക് വുഡ് ഇന്ത്യ ട്രേഡിംഗ് കമ്പനി എന്ന സ്ഥാപനത്തിന്റെ മറവിലാണ് വ്യാപകമായ രീതിയിൽ മയക്കുമരുന്ന് വിപണനവും ഉപഭോഗവും നടത്തിയത്.
മുളവൂർ സ്വദേശികളായ മുതിരക്കാലായിൽ ആസിഫ് അലി, ചിറയത്ത് ഇബ്രാഹിം ബാദുഷ, ഡെക്കോ എന്ന പേരിൽ അറിയപ്പെടുന്ന കരോട്ടുപറമ്പിൽ സലിം മുഹമ്മദ്, പുത്തൻവീട്ടിൽ അൻവർ സാദിഖ്, അറയ്ക്കക്കുടിയിൽ മുഹമ്മദ് അൽത്താഫ്, അസ്ലംകുട്ടി എന്ന പേരിൽ അറിയപ്പെടുന്ന മേക്കപ്പടിക്കൽ മുഹമ്മദ് അസ്ലം, പേഴുംകാട്ടിൽ അനസ് ആണ്.
പ്ലെവുഡ് ബിസിനസിന്റെ മറവിൽ വന്തോതിൽ ബാംഗ്ലൂരിൽ നിന്നും കുറഞ്ഞ വിലക്ക് എം.ഡി.എം.എ വാങ്ങി കടത്തിക്കൊണ്ടു വന്ന് മുവ്വാറ്റുപുഴയിലെയും, കോതമംഗലത്തെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്കും യുവാക്കൾ ഇവർ വിൽപന നടത്തിയിരുന്നു. പ്രസ്തുത സ്ഥാപനത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനാവശ്യമായ ബോങ്ങുകൾ മറ്റ് എല്ലാ സൗകര്യങ്ങളും ഇവർ നൽകിയിരുന്നു.
പ്രതികളുടെ കൂട്ടാളികളെക്കുറിച്ചുള്ള പല വിവരങ്ങളും ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ. രഹസ്യ വിവരത്തെ തുടർന്ന് കുറച്ചു ദിവസങ്ങളായി പ്രതികൾ എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
എംഡിഎംഎ അടക്കമുളള മാരക മയക്കുമരുന്നുകളുടെ ജില്ലയിലെ പ്രധാന ഹബ്ബായി മൂവാറ്റുപുഴ മാറിയിട്ടും ശക്തമായ നടപടി സ്വീകരിക്കാൻ എക്സൈസ് സംഘത്തിനാവുന്നില്ല. ലഹരി പിടിക്കുന്ന കേസുകളിലാവട്ടെ ചുമത്തുന്നത് കുറഞ്ഞ വകുപ്പുകളെന്ന ആക്ഷേപവും ഉയരുന്നു. ഇത് മൂലം പല കേസുകളിലും പ്രതികൾ വൈകിട്ടോടെ ജാമ്യത്തിൽ പോകുന്ന അവസ്ഥയും നിലവിലുണ്ട്.