പെരുമ്പാവൂര്‍ : കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും സഹായകരമായ രീതിയില്‍ 1972 ലെ വന നിയമം ഭേദഗതി ചെയ്യണമെന്ന് രമേശ് ചെന്നിത്തല. പരിഭ്രാന്തി ഉണ്ടാക്കുന്ന രീതിയില്‍ ഓരോ ദിവസം കഴിയന്തോറും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി വന്യ മൃഗ ശല്യം വര്‍ദ്ധിച്ചു വരികയാണ്. ഇതിന്റെ ശാശ്വതമായ പരിഹാരം നിയമം ഭേദഗതി ചെയ്യുക എന്നതാണ്. മേക്കപ്പാല ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച രാപകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല.
വന്യജീവിളുടെ ആക്രമണങ്ങളില്‍ നിന്ന് കര്‍ഷകരുടെ ജീവനും കാര്‍ഷിക വിളകളും സംരക്ഷിക്കുക, വന്യജീവികളെ കാട്ടിനുള്ളില്‍ നിലനിര്‍ത്താനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക, വനാതിര്‍ത്തിയില്‍ ഫെന്‍സിങ് സ്ഥാപിക്കുക, വന്യ ജീവി ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാപ്പകല്‍ സമരം സംഘടിപ്പിച്ചത്.
കാര്യക്ഷമമായ പ്രവര്‍ത്തനം വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ട സമയമാണ് ഇതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു. വനത്തിലുള്ള ആനകള്‍ മാത്രമല്ല, ഹിംസ്ര ജീവികള്‍ ഒന്നടങ്കം നാട്ടിലേക്ക് വരുന്നത് ജനങ്ങളുടെ ജീവന് വെല്ലുവിളിയാണ്. ഇതിനെതിരെയുള്ള ജനകീയ പ്രതിരോധം സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കുന്നതിന് കൂടി വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
മൃഗങ്ങള്‍ കൂട്ടത്തോടെ ഇറങ്ങുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ ഉണ്ടാകണം. സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. വന്യ ജീവി ആക്രമണത്തിന് ഇരയായവര്‍ക്ക് കൃത്യ സമയത്ത് നഷ്ട പരിഹാരം ലഭിക്കുന്നില്ലെന്ന പരാതി പരിക്കേറ്റവരുടെ കുടുംബങ്ങള്‍ ഉന്നയിക്കുന്നുണ്ട്. സര്‍ക്കാര്‍ ഇത് പരിഹരിക്കണം.
കര്‍ഷകരെയും ജനങ്ങളുടെയും രക്ഷക്ക് ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ച് വന്യജീവി ശല്യം തടയാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വന മേഖലകളില്‍ കിടങ്ങുകള്‍ നിര്‍മ്മിച്ചും വൈദ്യുത വേലികള്‍ സ്ഥപിച്ചുമാണ് പണ്ട് വന്യ ജീവികളെ തടഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ വേണ്ടത് ശാസ്ത്രീയ പരിഹാരങ്ങള്‍ ആണ്. കാട്ടാന ശല്യത്തെ പ്രതിരോധിക്കാന്‍ മതില് നിര്‍മ്മിക്കണം. കാടിനുള്ളില്‍ മൃഗങ്ങള്‍ക്കുള്ള ജല സംഭരണി കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുന്‍പ് നിയമസഭയില്‍ വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട് അടിയന്തിര പ്രമേയം അവതരിപ്പിച്ചപ്പോള്‍ ഈ വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രതിപക്ഷവും ഭരണപക്ഷവും യോജിച്ചാണ് സഭാ നടപടികളില്‍ പങ്കെടുത്തതെന്ന കാര്യം രമേശ് ചെന്നിത്തല ഓര്‍മ്മപ്പെടുത്തി. കൃഷി മുന്‍പ് ഉപജീവന മാര്‍ഗ്ഗം ആയിരുന്നെങ്കില്‍ ഇന്ന് കാട്ടാന ശല്യം മൂലം കര്‍ഷകര്‍ക്ക് അത് നഷ്ടമണെന്നും അദ്ദേഹം പറഞ്ഞു.
വന്യ മൃഗങ്ങളെ ആകര്‍ഷിക്കുന്ന വിഭവങ്ങള്‍ വനാതിര്‍ത്തിയില്‍ വെച്ച് പിടിപ്പിക്കാതെയിരിക്കാന് കര്‍ഷകരെ ബോധവല്‍ക്കരിക്കണം. കാടിനുള്ളില്‍ ആവശ്യത്തിന് ജലവും ഭക്ഷണവും ലഭിക്കാത്തത് കൊണ്ടാണ് വന്യ മൃഗങ്ങള്‍ നാട്ടിലേക്ക് വരുന്നത്. തടയണകള്‍ സ്ഥാപിച്ചു വനത്തില്‍ ജലലഭ്യത ഉറപ്പാക്കണം. വനത്തിന്റെ വിസ്തൃതിയും മൃഗങ്ങളുടെ എണ്ണവും തമ്മില്‍ വലിയ അന്തരം സംഭവിച്ചു കൊണ്ടിരിക്കുകയാണ്.
എംഎല്‍എ ബുധനാഴ്ച മന്ത്രിയെ കാണും
കാട്ടാന അക്രമണത്തില്‍ പരിക്കേറ്റ അരുവപ്പാറ കൊടവത്തൊട്ടി രാഘവന് ശസ്ത്രക്രിയക്കായി അഞ്ച് ലക്ഷം രൂപ വേണ്ടി വരും. ഈ ചെലവ് മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഇന്ന് വനം വകുപ്പ് മന്ത്രി ഏ.കെ ശശീന്ദ്രനെ കാണും. വനാതിര്‍ത്തി പ്രദേശങ്ങളില്‍ തൂക്ക് വേലി സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് എത്രയും വേഗത്തില്‍ ഭരണാനുമതി നല്‍കണം എന്നും എംഎല്‍എ മന്ത്രിയോട് ആവശ്യപ്പെടും.