കൊച്ചി: വാര്‍ത്ത സംപ്രേക്ഷണം ചെയ്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണല്‍ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയതിന് മുപ്പതോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ഏഴേമുക്കാലോടെയാണ് മുപ്പതോളം പേര് പാലാരിവട്ടത്തെ ഓഫീസില്‍ അതിക്രമിച്ച് കയറിയത്. ഓഫീസിനുളളില്‍ കയറി മുദ്രാവാക്യം വിളിച്ച ഇവര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി എന്നാണ് പരാതി. പൊലീസെത്തിയാണ് പ്രവര്‍ത്തകരെ നീക്കിയത്.
പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റ് ന്യൂസിനെ അധിക്ഷേപിക്കുന്ന ബാനറും കെട്ടി. എസ്എഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് ബാനര്‍. അതിക്രമിച്ച് കയറി ഓഫീസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റര്‍ അഭിലാഷ് ജി നായര്‍ നല്കിയ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. സെക്യൂരിറ്റി ജീവനക്കാരെ തളളിമാറ്റി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ അതിക്രമിച്ചു കടന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ക്യാമറാ ദൃശ്യങ്ങളും പരാതിക്കൊപ്പം തെളിവായി നല്‍കിയിട്ടുണ്ട്.
പ്രസ് ക്ലബ് ഓഫ് ഇന്ത്യ അപലപിച്ചു
ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലെ എസ്എഫ്ഐ അതിക്രമത്തെ അപലപിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ രംഗത്തെത്തി. ഇത്തരം പ്രതികരണങ്ങള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല. സംഭവത്തില്‍ കേരള സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രതികരിച്ചു.
ഇത് പ്രതിഷേധമല്ല, ഗുണ്ടായിസം: കെയുഡബ്ല്യുജെ
ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണല്‍ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ഓഫീസ് പ്രവര്‍ത്തനം തടസപ്പെടുത്തുകയും ജീവനക്കാരെ ഭീഷണി പെടുത്തുകയും ചെയ്ത എസ് എഫ് ഐ നടപടിയെ കേരള പത്രപ്രവര്‍ത്തക യൂണിയന് ശക്തമായി അപലപിച്ചു. വാര്‍ത്തകളോട് വിയോജിപ്പോ എതിര്‍പ്പോ വരുന്ന ഘട്ടങ്ങളില്‍ മുമ്പും പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫീസിനുള്ളില്‍ അതിക്രമിച്ചു കയറി അവിടുത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല, ഗുണ്ടായിസമാണ്. കേരളം പോലെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വില നല്കുന്ന ഒരു നാടിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലിത്. കുറ്റക്കാര്‍ക്കെതിരെ അടിയന്തരമായി ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കെ യു ഡബ്ള്യു ജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍സെക്രട്ടറി ആര് കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.
തിരുവനന്തപുരം പ്രസ്ക്ലബ് പ്രതിഷേധിച്ചു
ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണല്‍ ഓഫീസിനുള്ളില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് ശക്തമായി പ്രതിഷേധിച്ചു. സംഘടനകളുടെ മറപിടിച്ച് ക്രിമിനലുകളെ വളരാന്‍ അനുവദിക്കരുത്. മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. കുറ്റക്കാരെ അറസ്റ്റ് ചെയ്ത് നിയമ നടപടി ഉറപ്പാക്കണമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനും സെക്രട്ടറി കെ എന്‍ സാനുവും ആവശ്യപ്പെട്ടു