മൂവാറ്റുപുഴ : മുറിക്കല്‍ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനായി 57 കോടി രൂപ അനുവദിച്ചതായി ഡോ.മാത്യു കുഴല്‍ നാടന്‍ എം എല്‍ എ അറിയിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് കെ.ആര്.എഫ്. ബി പ്രൊജക്ട് ഡയറക്ടര്‍ (പി.എം .യു )ലാന്റ് അക്വിസേഷന്‍ തഹസില്‍ദാര്‍ക്ക് കൈമാറുന്നതിന് അനുവദിച്ചു.
സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉന്നതതല സംഘ വില നിര്‍ണയം നടത്തി റിപ്പോര്‍ട്ട് (BVR ) കളക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. കളക്ടര്‍ വില നിര്‍ണ്ണയ റിപ്പോര്‍ട്ട് അംഗികരിച്ചതിന്റെ അടിസ്ഥാനത്തില്‍ 57 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ലാന്റ് അക്വിസേഷന്‍ തഹസില്‍ദാര്‍ കെ ആര് എഫ് ബിക്ക് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. വില നിര്‍ണയം പൂര്‍ത്തിയാക്കി പണം അനുവദിച്ചതോടെ ബൈപാസ് നിര്‍മ്മാണത്തിന് കൂടുതല്‍ വേഗത കൈവന്നതായി മാത്യു കുഴല്‍ നാടന്‍ എം എല്‍ എ പറഞ്ഞു.
ഒന്‍പത് കാറ്റഗറികള്‍ തിരിച്ചാണ് വില നിര്‍ണ്ണയം നടത്തിയത്. പി ഡബ്ലുഡി റോഡ് സൗകര്യമുള്ള പുരയിടം, മുനിസിപ്പല്‍ റോഡ് സൗകര്യമുള്ള പുരയിടം, മുനിസിപ്പല്‍ റോഡില്‍ നിന്നുള്ള ഇടവഴി റോഡ് സൗകര്യമുള്ള പുരയിടം, പിഡബ്ല്യുഡി റോഡ് സൗകര്യമുള്ള നിലം, മുനിസിപ്പല്‍ റോഡ് സൗകര്യമുള്ള നിലം, മുനിസിപ്പല്‍ റോഡില്‍ നിന്നുള്ള ഇടവഴി പ്രൈവറ്റ് റോഡ് സൗകര്യമുള്ള നിലം, വഴി സൗകര്യമില്ലാത്ത നിലം, കൊച്ചി മൂവാറ്റുപുഴ റോഡ് സൗകര്യമുള്ള നിലം, എം സി റോഡ് സൗകര്യമുള്ള നിലം എന്നിങ്ങനെ തിരിച്ചാണ് വില നിര്‍ണ്ണയം പൂര്‍ത്തിയാക്കിയിട്ടുളളത്.
നിലം, പുരയിടം തിരിപ്പ് റോഡുകളുടെ പ്രാധാന്യം അനുസരിച്ചായിരുന്നു ബി വി ആര് തയ്യാറാക്കിയത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി സബ് രജിസ്റ്റാര്‍ ഓഫിസില്‍ നടന്ന മുഴുവന്‍ ആധാരങ്ങളും പരിശോധിച്ചാണ് വില നിര്‍ണ്ണയിച്ചത്. സ്ഥല വില പരിശോധിക്കുന്നതിനായി ഉന്നതതല സംഘം നിരവധി തവണയാണ് നിര്‍ദിഷ്ട സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്.