കാക്കനാട്: ജില്ലയുടെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പംതന്നെ കളക്ടറേറ്റിനുള്ളിലും ചുറ്റുപാടുമുള്ള സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുറച്ച് ജില്ലാ കളക്ടര്‍ എസ്.സുഹാസ് രംഗത്തിറങ്ങിക്കഴിഞ്ഞു.
- ‘കളക്ടേഴ്സ് എംപ്ലോയി ഓഫ് ദ മന്ത് ‘പുരസ്കാരം
ജില്ലാ കളക്ടറായി ചാര്‍ജ്ജെടുത്ത ആദ്യ ആഴ്ചയില്‍ത്തന്നെ കളക്ടറേറ്റ് റവന്യൂ വിഭാഗത്തിലെ ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തി ഹാജര്നിലയുംമറ്റും പരിശോധിച്ച അദ്ദേഹം റവന്യൂ ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ‘കളക്ടേഴ്സ് എംപ്ലോയി ഓഫ് ദ മന്ത് ‘പുരസ്കാരം ഏര്‍പ്പെടുത്തിയിരുന്നു. കളക്ടറേറ്റിലെത്തുന്ന പൊതുജനങ്ങളോടുള്ള പെരുമാറ്റം അടിസ്ഥാനമാക്കി പൊതുജനങ്ങളില്‍നിന്നും അഭിപ്രായം ശേഖരിച്ച് മികച്ച ജീവനക്കാരനെ മാസം തോറും കണ്ടെത്തും. അതിനായി കളക്ടറേറ്റ് അന്വേഷണ കൗണ്ടറിനു സമീപത്തായി നാമനിര്ദ്ദേശപെട്ടി സ്ഥാപിച്ചുകഴിഞ്ഞു.
- ജീവനക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാന്‍ സ്റ്റാഫ് വെല്‍ഫെയര്‍ കമ്മറ്റി
കളക്ടറുടെ ചേമ്പറുമായി ബന്ധപ്പെട്ടതും ജില്ലാതലത്തിലുള്ളതുമായ കുറച്ച് ഉദ്യോഗസ്ഥരോട് ഇടപഴകുന്നതൊഴിച്ചാല് ജില്ലാ കളക്ടര്‍മാര്‍ മറ്റു ജീവനക്കാരുമായി സംസാരിക്കാറില്ലെന്ന ധാരണ തിരുത്തുകയാണ് സ്റ്റാഫ് വെല്‍ഫെയര്‍ കമ്മറ്റിയിലൂടെ ഉദ്ദേശിക്കുന്നത്. ഓരോ മാസവും അവസാന ദിവസം തിരഞ്ഞെടുക്കപ്പെട്ട സെക്ഷനിലെ ജീവനക്കാര്‍ക്ക് കളക്ടറുടെ ചേമ്പറിലെത്തി അദ്ദേഹത്തോട് വ്യക്തിപരമായി സംസാരിക്കാം. ഇത് ജീവനക്കാര്‍ക്ക് ആത്മവിശ്വാസം പകരുമെന്ന് കളക്ടര്‍ പറഞ്ഞു.
കളക്ടറേറ്റിലെത്തുന്ന പൊതുജനങ്ങളോട് അന്വേഷണവിഭാഗത്തിലുള്ള ഉദ്യോഗസ്ഥര്‍ സൗമ്യമായി പെരുമാറണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
- കളക്ടറേറ്റ് കോമ്പൗണ്ടിലെ വാഹനങ്ങള്‍ നീക്കും
കളക്ടറേറ്റ് പരിസരത്ത് കാടുമൂടി നശിക്കുന്ന വാഹനങ്ങള്‍ നീക്കാന്‍ നടപടി തുടങ്ങിക്കഴിഞ്ഞു. അദ്ദേഹം നേരിട്ടെത്തി വാഹനങ്ങളുടെ സ്ഥിതിഗതികള്‍ വിലയിരുത്തി. കേസുകളിലുള്പ്പെട്ടവയൊഴികെയുള്ളവ അതേ നിലയില്‍ ലേലം ചെയ്യാന്‍ വേണ്ട നടപടികളെടുക്കാന്‍ ആര്‍ടിഒയ്ക്ക് നിര്‍ദ്ദേശം നല്കി. ഇവയുടെ കണക്കെടുപ്പ് നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു.
- മുതിര്‍ന്ന പൗരന്മാര്ക്ക് കളക്ടറേറ്റില്‍ ഇരിപ്പിട സൗകര്യം
കളക്ടറേറ്റിലെത്തുന്ന മുതിര്‍ന്ന പൗരന്മാര്ക്കിരിക്കാന് പ്രധാന കവാടത്തോടുചേര്‍ന്ന് ഇരിപ്പിടസൗകര്യമൊരുക്കും. രണ്ടാഴ്ചയ്ക്കകം നടപടിയുണ്ടാകും.
- പാഴ് വസ്തുക്കള്‍ ഉടനടി മാറ്റും
കളക്ടറേറ്റ് കെട്ടിടത്തിനുള്ളില്‍ അങ്ങിങ്ങായി കിടക്കുന്ന പാഴ് വസ്തുക്കള്‍ മാറ്റാന്‍ പൊതുമരാമത്ത് വിഭാഗത്തോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇവ ലേലം ചെയ്യും. നടപടികള്‍ പൂര്‍ത്തിയാകാന്‍ രണ്ടു മാസമെടുക്കും.
- അപകടകരമായ വൈദ്യുത കമ്പികള്‍ നീക്കം ചെയ്യും
കളക്ടറേറ്റ് പരിസരത്ത് അപകടകരമായി നില്ക്കുന്ന വൈദ്യുത കമ്പികള്‍ നീക്കാന്‍ പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
- ഒരു വര്‍ഷത്തിനകം റവന്യൂ വിഭാഗം പൂര്‍ണ്ണമായും ഇ- പേപ്പര്‍ സംവിധാനത്തിലേക്കു മാറ്റും
റവന്യൂ വാഭാഗത്തെ പൂര്‍ണ്ണമായും ഇ- പേപ്പര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി. അതോടെ എല്ലാം ഇ- പേപ്പര്‍ ആവുകയും കടലാസിന്റെ ഉപഭോഗം കുറയുകയും ചെയ്യും.
- പൊതുജനങ്ങള്‍ക്ക് നേരിട്ട് സംവദിക്കാന്‍ ഡിസ്ട്രിക്ട് മൊബൈല്‍ ഫോണ്‍ ആപ്പ്
ജില്ലാ കളക്ടറുടെ ഫേസ് ബുക്ക് പേജിലൂടെയും മൊബൈല്‍ ഫോണില്‍ നേരിട്ടും നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. അവയെല്ലാം പരിശോധിക്കുന്നുമുണ്ട്. അങ്ങനെയെങ്കില്‍ ജില്ലയിലെ എല്ലാ വകുപ്പുകളെയും ജില്ലാതല ഉദ്യാഗസ്ഥരെയുമുള്പ്പെടുത്തി ഡിസ്ട്രിക്ട് മൊബൈല്‍ ഫോണ്‍ ആപ്പ് രൂപകല്പന ചെയ്താല്‍ ഈ ആശയവിനിമയം കൂടുതല്‍ ഫലപ്രദമാകും. ജനങ്ങള്‍ക്ക് പൊതുവായ എന്തു പ്രശ്നവും ആപ്പുവഴി നേരിട്ട് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്താം.
- സുരക്ഷ കര്‍ശനമാക്കി
കളക്ടരേറ്റിലെ സുരക്ഷാ സംവിധാനം കര്‍ശനമാക്കി. 24 മണിക്കൂറും സുരക്ഷാ ജീവനക്കാരുടെ സേവനം ഉറപ്പാക്കിക്കഴിഞ്ഞു
.
- മഴവെള്ള സംഭരണിയെ പുനരുജ്ജീവിപ്പിക്കും
കളക്ടറേറ്റ് പരിസരത്ത് പ്രവര്‍ത്തനരഹിതമായിക്കിടക്കുന്ന മഴവെഴള്ള സംഭരണി പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടിയെടുക്കും. പ്രായോജകരെ കണ്ടെത്തി സംഭരണി നന്നാക്കുകയും പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്യും.
- പ്രത്യേകശുചീകരണയജ്ഞം ജൂലൈ അഞ്ചിന്
കളക്ടറേറ്റ് പരിസരം ശുചീകരിക്കാന്‍ ജൂലൈ അഞ്ചിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ശുചീകരണ യജ്ഞം നടത്തും. ജീവനക്കാരുടെ പ്രവര്‍ത്തി സമയം അപഹരിക്കാതെ സന്നദ്ധപ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തി കളക്ടറേറ്റ് പരിസരം വൃത്തിയാക്കും. ഇതു കൂടാതെ ജില്ലയെ മാലിന്യവിമുക്തമാക്കാന്‍ ‘ക്ലീന്‍ എറണാകുളം’ എന്ന പേരില്‍ ബൃഹത്തായ ശുചീകരണ യജ്ഞം നടക്കാനിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ- തദ്ദേശസ്വയംഭരണ- ദേശീയപാത വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടി ജൂലൈ 13ന് തുടങ്ങാനിരിക്കുകയുമാണ്.
- ജില്ലാ കളക്ടറുടെ ഫേസ് ബുക്ക് പേജിലെത്തുന്ന ഓരോ കമന്റും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട് എന്നതിനുള്ള തെളിവുകൂടിയാണ് ഈ നടപടികള്‍. ഈ കളക്ടര്‍ തുടങ്ങിയിട്ടേയുള്ളൂ. അദ്ദേഹം ആവശ്യപ്പെടുന്നതുപോലെ എല്ലാവരും കൈകോര്‍ത്താല്‍ ഇതൊരു വന്‍ വിജയമായിരിക്കും.