മുവാറ്റുപുഴ: കൊച്ചി ധനുഷ്കോടി ദേശീയ പാതയിലെ കക്കടാശേരി മുതല്‍ മറ്റക്കുഴി വരെയുള്ള ഭാഗത്തെ നവീകരണത്തിന് 75 ലക്ഷം രൂപ അനുവദിച്ചതായി മാത്യൂ കുഴല്നാടന് എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ദേശീയ പാത അതോറിറ്റിയാണ് ഇതിനായി തുക അനുവദിച്ചത്. പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തീകരിക്കുവാന്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
ദേശീയ പാതയിലെ കക്കടാശേരി മുതല്‍ മറ്റക്കുഴി വരെയുള്ള ഭാഗം കഴിഞ്ഞ കുറെ നാളുകളായി തകര്‍ന്ന് കിടക്കുകയായിരുന്നു. മഴക്കാലത്തിന് ശേഷം റോഡ് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
ദേശീയ പാത ആയതിനാല്‍ ദിവസേന ഏകദേശം അയ്യായിരത്തോളം വാഹനങ്ങള്‍ കടന്നു പോകുന്ന റോഡ് ആണ് ഇത്. നൂറോളം വലിയ ഗര്‍ത്തങ്ങള്‍ ഉള്ളത് കാരണം വാഹനാപകടങ്ങള്‍ക്കും ഗതാഗത കുരുക്കിനും റോഡ് കാരണമാകുന്നതായി എംഎല്‍എ ചൂണ്ടിക്കാട്ടി. രാത്രി കാലങ്ങളില്‍ അപകടങ്ങള്‍ പതിവായി മാറുകയായിരുന്നു.
റോഡ് നവീകരണത്തിന്റെ ആവശ്യം എംഎല്‍എ ഉന്നയിച്ചപ്പോള്‍ നിലവില്‍ മൂന്നാര്‍ ദേശീയ പാത പുനര്‍നിര്‍മ്മാണത്തിന് തുക അനുവദിച്ചതിനാല്‍ ഇവിടേക്ക് വക മാറ്റി ചെലവഴിക്കാന്‍ സാധിക്കില്ല എന്ന മറുപടിയാണ് ദേശീയ പാത അധികൃതര്‍ നല്‍കിയത്. തുടര്‍ന്ന് ദേശീയ പാത അതോറിറ്റിയെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം എംഎല്‍എ വിളിച്ചു ചേര്‍ക്കുകയും റോഡിന്റെ സാഹചര്യം വകുപ്പുകളെ ബോധ്യപ്പെടുത്തുകയും ആയിരുന്നു. വേണ്ടി വന്നാല്‍ സമരത്തിന് മുന്നില്‍ നില്‍ക്കുമെന്ന എംഎല്‍എ നിലപാടും തുക അനുവദിക്കുന്നതിന് നിര്‍ണായകമായി.