മൂവാറ്റുപുഴ : നഗരസഭയില്‍ അവിശ്വാസം പാസായി. ക്ഷേമ കാര്യ സ്റ്റാന്റീങ്ങ് കമ്മറ്റി ചെയര്മാന് രാജശ്രീ രാജു പുറത്തായി. ഇന്ന് രാവിലെ 12നായിരുന്നു അവിശ്വാസ നോട്ടീസ് ചര്‍ച്ചക്കെടുത്തത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രമീള ഗിരീഷ് കുമാര്‍ കൊടുത്ത അവിശ്വാസ പ്രമേയ നോട്ടീസിലായിരുന്നു ചര്‍ച്ച. ക്ഷേമ കാര്യ സ്റ്റാന്റീങ്ങ് കമ്മറ്റിയിലെ ഇടത് കൗണ്‍സിലര്‍മാരായ നെജിലയും മീരയും പ്രമേയത്തെ പിന്തുണച്ചു. ബിജെപി സ്വതന്ത്രയായി മത്സരിച്ചു ജയിച്ചെത്തിയ രാജശ്രി രാജുവും മറ്റൊരു കോണ്‍ഗ്രസ് അംഗം ബിന്ദു ജയനും യോഗത്തില്‍ ഹാജരായില്ല.
നഗരസഭയിലും പരിസര പ്രദേശത്തുമായി അരങ്ങേറിയ നാടകീയരംഗങ്ങള്‍ക്ക് ഒടുവിലായിരുന്നു നടപടി. ഇന്നലെ രാവിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാജശ്രീ രാജുവിന്റെ രാജി കത്ത് സുപ്രണ്ടിന് എത്തിച്ചു നല്‍കിയിരുന്നു. എന്നാല്‍ ഇത് ചട്ടം പാലിച്ചല്ലന്ന് ചൂണ്ടിക്കാട്ടി സ്വീകരിക്കാന്‍ കഴിയില്ലന്ന് വരണാധികാരി നിലപാടെടുത്തു. നഗരസഭ സെക്രട്ടറിക്കാണ് രാജികത്ത് സ്വീകരിക്കാനുള്ള അധികാരം എന്നാല്‍ കത്ത് നല്‍കിയത് സൂപ്രണ്ടിനാണ് നല്‍കിയത്. ചട്ടം അനുസരിച്ച് സൂപ്രണ്ടിന് ചാര്‍ജ്ജ് നല്‍കിയിട്ടില്ലന്നും വരണാധികാരി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് രാജി തള്ളിയത്.
സെക്രട്ടറി ഇവിടെ ഇല്ലാതിരുന്നതിനാല്‍ രാജി സുപ്രണ്ടിന് സ്വീകരിക്കാന്‍ അധികാരമുണ്ടെന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ നിലപാടും തള്ളി. ബഹളവും ഉന്തും തള്ളും കയ്യാങ്കളിയിലേക്ക് കടന്നതോടെ പൊലിസ് ഇടപെട്ടു. ഉപസമിതി അംഗങ്ങളും വരണാധികാരി നിര്‍ദ്ദേശിച്ച ജീവനക്കാരും ഒഴികെ മുഴുവന്‍പേരെയും കൗണ്‍സിലില്‍ നിന്നും പുറത്താക്കിയശേഷമാണ് അവിശ്വാസം ചര്‍ച്ചയ്ക്ക് എടുത്തത്. . ക്ഷേമകാര്യ സമിതിയിലെ അഞ്ചില്‍ മൂന്ന് വോട്ട് ലഭിച്ചതോടെ അവിശ്വാസ പ്രമേയം പാസായി. എല്‍ഡിഎഫിലെ അംഗങ്ങളായ നെജില ഷാജി, മീര കൃഷ്ണന് എന്നിവരും അവിശ്വാസ പ്രമേയ നോട്ടീസ് നല്കിയ കോണ്‍ഗ്രസിലെ 13-ാം വാര്‍ഡ് കൗണ്‍സിലര്‍ പ്രമീള ഗിരീഷ് കുമാറും വോട്ട് രേഖപെടുത്തി. യുഡിഎഫ് അംഗം ബിന്ദുവും,നിലവില്‍ അധ്യക്ഷയായിരുന്ന ബിജെപി സ്വതന്ത്ര രാജശ്രീയും യോഗത്തിന് ഹാജരായിരുന്നില്ല.
നഗരസഭ ചെയര്മാന് രാജി വെക്കണം : പ്രതിപക്ഷം
നഗരസഭയില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയ്ക്കെതിരെയുള്ള അവിശ്വാസ പ്രമേയ യോഗത്തില്‍ യുഡിഎഫ് അംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ സംഘര്‍ഷമുണ്ടാക്കി വരണാധികാരിയെയും നഗരസഭാ സൂപ്രണ്ടിനേയും സമര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ വിശ്വാസം നഷ്ട്ടപ്പെട്ട സാഹചര്യത്തില്‍ പിന്തുണ നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്ന നഗരസഭയുടെ ചെയര്മാന് രാജി വെക്കണം എന്നും നഗരസഭ പ്രതിപക്ഷ നേതാവ് ആര് രാകേഷും ഉപനേതാവ് പിവി രാധാകൃഷ്ണനും ആവശ്യപെട്ടു.
♦⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒
മൂവാറ്റുപുഴ നഗരസഭയില്‍ അവിശ്വാസ ചര്‍ച്ചക്കിടയില്‍ വനിതാ കൗണ്‍സിലര്‍മാരുടെ അസഭ്യവര്‍ഷം, കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി. സൂപ്രണ്ട് പൊട്ടിക്കരഞ്ഞു. അവിശ്വാസം പാസായി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് രാജശ്രീ രാജു പുറത്തായി