കോതമംഗലത്തെ ഇരുമലപ്പടി-പുതുപ്പാടി റോഡ് ആധുനിക നിലവാരത്തിലേക്ക് ഉയരുകയാണ്. ഏഴ് കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. ആലുവ-മൂന്നാർ റോഡിലെ ഇരുമലപ്പടിയിൽ നിന്നും ആരംഭിച്ച് കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ പുതുപ്പാടി മുളവൂർ കവലയിൽ എത്തിച്ചേരുന്നതാണ് പ്രസ്തുത റോഡ്.
നെല്ലിക്കുഴി,പായിപ്ര, കോതമംഗലം നഗരസഭ എന്നീ പ്രദേശങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. നിലവിലുള്ള റോഡ് 5.5 മീറ്ററിൽ വീതി കൂട്ടി ബി.എം ആന്റ് ബി.സി നിലവാരത്തിലാണ് നവീകരിക്കുക. ടാറിങ്ങിനു പുറമെ കൾവെർട്ടുകൾ പുതുക്കി നിർമ്മിക്കുകയും ആവശ്യമായ ഇടങ്ങളിൽ ഡ്രൈനേജ് സംവിധാനം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്യും. മുന്നറിയിപ്പ് ബോർഡുകൾ, സീബ്രാ ലൈൻ, റോഡ് മാർക്കിങ്ങ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും നവീകരണ പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമായും ഗ്രാമീണ മേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡിനെ നിരവധി പേരാണ് ആശ്രയിക്കുന്നത്. റോഡ് ആധുനിക നിലവാരത്തിലേക്ക് ഉയരുന്നതോടെ പ്രദേശത്തെ ജനങ്ങൾക്കത് ഏറെ ഉപകാരപ്പെടും. പദ്ധതിയുടെ ടെണ്ടർ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും സമയബന്ധിതമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും ആന്റണി ജോൺ എം.എൽ.എ പറഞ്ഞു.