എറണാകുളം ജില്ലയിലെ പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ രക്ഷിത് ദുരന്ത നിവാരണ സേന അംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വൃന്ദ ദേവി എന്‍.ആര് സേനാംഗങ്ങളില്‍ നിന്നും സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് ചടങ്ങുകളുടെ ഉദ്ഘാടനം ഡെപ്യൂട്ടി കളക്ടര്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2019- 20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ പദ്ധതിയാണ് ദുരന്ത നിവാരണ സേന. 50 സേനാംഗ ങ്ങളാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പ്രളയം ഉള്‍പ്പെടെയുള്ള ദുരന്ത മുഖങ്ങളിലും സേനയുടെ സഹായഹസ്തം ഉണ്ടാകും. ‘രക്ഷിത് സേന പറവൂര്‍’ എന്നാണ് സേനയ്ക്ക് നല്‍കിയിരിക്കുന്ന പേര്. 30 വനിതകളും 20 പുരുഷന്മാരും ഉള്‍പ്പെടുന്നതാണ് ടീം. പറവൂര്‍ ഫയര്‍ സ്റ്റേഷനിലുള്ള ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനാണ് ദുരന്ത നിവാരണ സേനയ്ക്ക് മുഖ്യ പരിശീലനം നല്‍കിയത്.
വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനം, അപകട പ്രതികരണം, അഗ്നിബാധ നിവാരണ പരിശീലനം, തിരച്ചില്‍ രക്ഷാപ്രവര്‍ത്തനം, ദുരന്ത ലഘൂകരണ പ്രവര്‍ത്തനം എന്നിവയില്‍ സേനയ്ക്ക് മികച്ച പരിശീലനം നല്കി. പൂര്‍ണ്ണ സജ്ജരായ ദുരന്ത നിവാരണ സേന സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പ്രവര്‍ത്തനം തുടങ്ങിയത്. ചടങ്ങില്‍ ദുരന്ത നിവാരണ സേനയ്ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുകയും പരിശീലനം നല്കിയ പറവൂര്‍ ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആദരിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പള്ളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രമ ശിവശങ്കരന്, സെക്രട്ടറി ശ്രീദേവി കെ.ജി, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.ബി ശ്രീകുമാര്‍, ജനപ്രതിനിധികള്‍, മറ്റ് ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.