ആലപ്പുഴ: രഞ്ജിത് ശ്രീനിവാസൻ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്കിയ വിധിയില്‍ സംതൃപ്തരാണെന്ന് കുടുംബം.വിധി കേള്‍ക്കാൻ രഞ്ജിത് ശ്രീനിവാസന്റെ അമ്മയും ഭാര്യയും രണ്ടു പെണ്മക്കളും കോടതിയിലെത്തിയിരുന്നു.
പ്രതികള്‍ക്ക് വധശിക്ഷ നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് രഞ്ജിത്തിന്റെ അമ്മ വിനോദിനി പ്രതികരിച്ചു. കോടതിയില്‍ സത്യസന്ധമായി കേസ് എത്തിച്ചതില്‍ അന്വേഷണ ഉദ്യോഗസ്ഥർക്കും പ്രോസിക്യൂട്ടർക്കും നന്ദിപറയുന്നുവെന്ന് രഞ്ജിത്തിന്റെ ഭാര്യ അഡ്വ. ലിഷ പറഞ്ഞു.
770 ദിവസത്തെ കാത്തിരിപ്പാണ്. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്, എങ്കിലും കോടതിവിധിയില്‍ ഞങ്ങള്‍ക്ക് ആശ്വാസമുണ്ട്. വിധിയില്‍ സംതൃപ്തരാണ്. എങ്കിലും ഭഗവാന്റെ ഒരു വിധിയുണ്ട്, പ്രകൃതിയുടെ നീതിയുണ്ട്. അത് പുറകേ വരുമെന്നുള്ള പ്രതീക്ഷയുണ്ടെന്നും ലിഷ കൂട്ടിച്ചേർത്തു.