ആലപ്പുഴ: നൂറനാട് മറ്റപ്പള്ളിയിലെ കുന്നിടിക്കലിനെതിരേയുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ ഇടത് എംഎല്‍എയെ തടഞ്ഞ് നാട്ടുകാര്‍.
പ്രദേശവാസി കൂടിയായ റാന്നി എംഎല്‍എ പ്രമോദ് നാരായണനെ ആണ് തടഞ്ഞത്.
മാധ്യമങ്ങളെ കാണിക്കാനാണ് എംഎല്‍എ ഇവിടെ എത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. മണ്ണെടുപ്പിനെതിരേ രാവിലെ മുതല്‍ നാട്ടുകാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. മണ്ണെടുക്കാനെത്തിയ ലോറികള്‍ സമരക്കാര്‍ തടഞ്ഞു.
സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയോടെയാണ് നാട്ടുകാരുടെ പ്രതിഷേധം. മണ്ണെടുപ്പ് നിര്‍ത്തിവെക്കണമെന്ന സര്‍വകക്ഷിയോഗത്തിന്റെ തീരുമാനം നിലനില്‍ക്കെയാണ് കരാറുകാര്‍ ഇന്ന് രാവിലെ വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചത്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു.
ചട്ടങ്ങള്‍ ലംഘിച്ചാണ് മണ്ണെടുപ്പ് നടക്കുന്നതെന്ന് ഈ മാസം 16ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നു. വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രൊട്ടോകോള്‍ ലംഘിച്ചുവെന്നും അനുമതി ലഭിച്ച സര്‍വേ നമ്ബറില്‍ നിന്നല്ല മണ്ണെടുക്കുന്നതെന്നും യോഗത്തില്‍ വ്യക്തമായി.
ഇതോടെ മണ്ണെടുപ്പ് നിരോധിച്ച് ഉത്തരവിറക്കാനും വിശദമായ അന്വേഷണത്തിനും യോഗം കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയിട്ടില്ല.
കരാറുകാരന് ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി ലഭിച്ചിട്ടുള്ളതിനാല്‍ ഇത്തരത്തില്‍ ഒരു ഉത്തരവിറക്കാന്‍ നിയമതടമുണ്ടെന്നാണ് മന്ത്രി പി.പ്രസാദ് പ്രതികരിച്ചത്.