മകളുടെ കരവിരുതില്‍ വിജയലക്ഷ്മി ടീച്ചര്‍ വീണ്ടും മാവേലിയായി. കഴിഞ്ഞ വര്‍ഷം കുട്ടികള്‍ക്ക് മുമ്പില്‍ ആശംസകളുമായി എത്തിയ ചേര്‍ത്തല സ്വദേശിയായ അംഗനവാടി ടീച്ചര്‍ വിജയലക്ഷ്മി ഇത്തവണയും മാവേലിയായത്. മുഹമ്മ പഞ്ചായത്തിലെ 12-ാം വാര്‍ഡ് കുടുംബശ്രീ യൂണിറ്റുകളുടെ ഓണാഘോഷത്തിനായിരുന്നു വിജയലക്ഷ്മി ടീച്ചര്‍ മാവേലിയായത്.
ഫാഷന്‍ ഡിസൈനറായ മകള്‍ അനഘയാണ് വിജയലക്ഷ്മിക്ക് മേക്കപ്പ് ചെയ്തുകൊടുത്തത്. വലിയ മീശയും തിളങ്ങുന്ന വേഷവും കിരീടവും ഓലക്കുടയുമായി ഒന്നര മണിക്കൂര്‍കൊണ്ട് അനഘ അമ്മയെ മാവേലിയാക്കി.
പഞ്ചായത്ത് അംഗം ലതീഷ് ബി ചന്ദ്രന്റെ ചിന്തയാണ് വിജയലക്ഷ്മിയെ മാവേലിയാക്കിയത്. ഓണാഘോഷത്തിന് വാദ്യമേളങ്ങള്‍ വായിക്കുന്നത് സ്ത്രീകളായിരുന്നു. അങ്ങനെയെങ്കില്‍ മാവേലിയും സ്ത്രീ ആയിക്കൂടേ എന്ന ആശയം ലതീഷ് മുന്നോട്ടുവെയ്ക്കുകയായിരുന്നു.
ഭര്‍ത്താവ് അജയ കുമാറും മക്കളായ അനഘയും അനിലും എല്ലാത്തിനും പിന്തുണയായി കൂടെയുണ്ടെന്ന് വിജയലക്ഷ്മി പറഞ്ഞു. പലര്‍ക്കും എന്നെ തിരിച്ചറിയാന്‍ പറ്റിയില്ല. അത് വലിയ സന്തോഷമായിരുന്നു. മകള്‍ അത്ര പെര്‍ഫെക്റ്റായാണ് മേക്കപ്പ് ചെയ്തുതന്നത്. കൂടുതല്‍ സ്ത്രീകള്‍ മാവേലിയാകാന്‍ മുന്നോട്ടുവരട്ടെയെന്നും വിജയലക്ഷ്മി ടീച്ചര്‍ പറയുന്നു. 23 വര്‍ഷമായി അങ്കണവാടി ടീച്ചറായ വിജയലക്ഷ്മി അവിടുത്തെ കുട്ടികള്‍ക്ക് മുന്നിലാണ് കഴിഞ്ഞ വര്‍ഷം മാവേലിയായത്. ചേര്‍ത്തല കഞ്ഞിക്കുഴി എസ്എന്‍ പുരം സ്വദേശിയാണ്.