ആലപ്പുഴ: കൃഷ്ണ പിള്ള സ്മാരകം തകര്‍ത്ത കേസിലെ രണ്ടാം പ്രതി പി. സാബുവിനെ സിപിഎമ്മില്‍ തിരിച്ചെടുത്തു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദശപ്രകാരമാണ് നടപടി.അതേസമയം, കേസിലെ ഒന്നാം പ്രതി ലതീഷിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തിട്ടില്ല. നേരത്തെ, കേസിലെ അഞ്ച് പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു.
സംഭവസമയം സിപിഎമ്മിന്റെ കണര്‍കാട് ലോക്കല്‍ സെക്രട്ടറിയായിരുന്നു പി. സാബു. വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ചന്ദ്രൻ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ കഞ്ഞിക്കുഴി ചെല്ലിക്കണ്ടത്തില്‍ വീട്ടില്‍ പി.ദീപുമോൻ(43), ചെല്ലിക്കണ്ടത്തില്‍ വീട്ടില്‍ ആര്.രാജേഷ്(44), വടക്കേചിറ വീട്ടില്‍ പ്രമോദ് (38) എന്നിവരായിരുന്നു മറ്റ് പ്രതികള്‍.
തെളിവുകളുടെ അഭാവത്തെ തുടര്‍ന്ന് അഞ്ച് പേരെയും കോടതി വെറുതെ വിട്ടിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പി. സാബുവും ലതീഷ് ചന്ദ്രനും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ വിഷയത്തിന്മേല് കഴിഞ്ഞ മൂന്ന് വര്‍ഷമായി പാര്‍ട്ടി നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.
തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി യോഗത്തില്‍ പി. സാബുവിനെ തിരിച്ചെടുക്കാൻ തീരുമാനമായത്. എന്നാല്‍ ലതീഷ് ചന്ദ്രനെ തിരിച്ചെടുക്കില്ലെന്നും യോഗത്തില്‍ തീരുമാനിച്ചു.
കോടതിയുടെ അന്വേഷണം കൂടാതെ, പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ പി. സാബു തെറ്റുകാരനല്ലെന്ന് കണ്ടെത്തിയിരുന്നു. പക്ഷെ കുറ്റകൃത്യത്തില്‍ ലതീഷ് ചന്ദ്രന് കൃത്യമായ പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തെ തിരിച്ചെടുക്കേണ്ട എന്ന തീരുമാനത്തില്‍ യോഗം എത്തിച്ചേര്‍ന്നത്.