കായംകുളം: സംഘര്‍ഷത്തിനിടെ നടുറോഡില്‍ കഴുത്തിനു കുത്തേറ്റ യുവാവ് മരിച്ചു. പുതുപ്പള്ളി ഗോവിന്ദമുട്ടം വേലശ്ശേരി തറയില്‍ സന്തോഷിന്റെ മകന് അമ്പാടി(21)യാണു മരിച്ചത്. ഡി.വൈ.എഫ്.ഐ. ദേവികുളങ്ങര മേഖലാ കമ്മിറ്റിയംഗമാണ്.ഗുണ്ടാസംഘത്തിലെ ഒരാളുള്‍പ്പെടെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ പ്രതിഷേധിച്ച് ദേവികുളങ്ങര പഞ്ചായത്തില്‍ ബുധനാഴ്ച ഉച്ചയ്ക്കുശേഷം സി.പി.എമ്മും ഡി.വൈ.എഫ്.ഐ.യും ഹര്‍ത്താലിന് ആഹ്വാനംചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെ കാപ്പില്‍കിഴക്ക് മാവിനാല്‍ക്കുറ്റി ജങ്ഷനു പടിഞ്ഞാറ് പ്രധാന റോഡിലാണു സംഭവം.
ബൈക്കിലെത്തിയ ഇരുസംഘങ്ങള്‍ തമ്മില്‍ റോഡില്‍ അടിയുണ്ടായി. ഇതിനിടയില്‍ കത്തിയുപയോഗിച്ച് അമ്പാടിയുടെ കഴുത്തില്‍ കുത്തുകയായിരുന്നെന്നാണ് പ്രാഥമികവിവരം. അതോടെ ഇരുസംഘങ്ങളും ചിതറിയോടി. ആഴത്തില്‍ മുറിവേറ്റ അമ്പാടി രക്തംവാര്‍ന്ന് റോഡില്‍ കിടക്കുകയായിരുന്നു. ഓട്ടോയില്‍ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്പാടിയുടെ സഹോദരന് അര്‍ജുനും ഒപ്പമുണ്ടായിരുന്നു. ശകുന്തളയാണ് അമ്പാടിയുടെ അമ്മ.
തുടര്സംഘര്ഷമുണ്ടാകാന് സാധ്യതയുള്ളതിനാല്‍ പോലീസ് സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്. സ്ഥലത്തുനിന്നു ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും കണ്ടുകിട്ടി.