ആലപ്പുഴ : വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിൻ്റെ പേരിൽ മന്ത്രിസ്ഥാനം നഷ്ടമാവുകയും പിന്നീട് മന്ത്രിസഭയിൽ തിരിച്ചെത്തുകയും ചെയ്ത സജി ചെറിയാൻ കര്‍ഷകര്‍ക്കെതിരെ വിവാദപരാമര്‍ശം നടത്തിയെന്ന് ആക്ഷേപം. കേരളത്തിൽ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നും തമിഴ്നാട്ടില്‍ നിന്ന് അരി വരുമെന്നും സജി ചെറിയാന് പറഞ്ഞതാണ് കർഷക സംഘടനകളും കർഷകനും ഏറ്റുപിടിച്ചിരിക്കുന്നത്. കൃഷിമന്ത്രി പി പ്രസാദ് അടക്കം പങ്കെടുത്ത പൊതുപരിപാടിക്കിടെയായിരുന്നു വിവാദ പ്രസ്താവനയുമായി സജി ചെറിയാൻ രംഗത്തെത്തിയത്.
കൃഷി ചെയ്തില്ലെങ്കിൽ കേരളത്തിൽ ഒന്നും സംഭവിക്കില്ല. തമിഴ്നാട്ടിൽ നിന്നും എത്തുന്ന അരി ഉള്ളടത്തോളം കാലം കേരളത്തിൽ ആരും പട്ടിണി കിടക്കില്ല- ഇത്തരത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. സർക്കാർ കാർഷിക മേഖലയിൽ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും എന്നാൽ അതിനോട് സഹകരിക്കാൻ കർഷകർ തയ്യാറാകുന്നില്ലെന്നും പ്രസംഗമദ്ധ്യേ സജി ചെറിയാൻ ആരോപിച്ചു.