തിരുവല്ല : മഴ കനത്തതോടെ അപ്പര്‍കുട്ടനാട് ജാഗ്രതയിലായി. പമ്പ, മണിമല നദികളില്‍ ഒഴുക്കിന് വേഗമേറി. പാടശേഖരങ്ങളില്‍ കൊയ്ത്തുകഴിഞ്ഞ മുറയ്ക്ക് ഒരടിയോളം വെള്ളം കയറിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ഒരടികൂടി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മേയ് 27-ന് മേഖലയില്‍ വെള്ളപ്പൊക്കം ഉണ്ടായിരുന്നു. മഴയെ തുടര്‍ന്ന് ഗ്രാമീണമേഖലയിലെ റോഡുകളില്‍ യാത്രാദുരിതം തുടങ്ങിയിട്ടുണ്ട്.
മഴ ശക്തിയായി തുടരുന്നതിനാല്‍ അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയരുന്നു. വേനലില്‍ വെള്ളം വറ്റിക്കിടന്ന ആറ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലാണ് ജലനിരപ്പ് ഉയര്‍ന്നുതുടങ്ങിയത്. ജലനിരപ്പ് താഴ്ന്നുകിടന്നതിനാല് വെള്ളത്തിന്റെ ഭീകരാവസ്ഥ ഇപ്പോഴില്ല. തീരം കവിഞ്ഞ് വെള്ളം തോടുകള്‍ വഴി പാടത്തേക്ക് നിറയുന്ന അവസ്ഥയുണ്ടാകുമ്പോള്‍ മാത്രമാണ് പന്തളത്തെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിലാകുന്നത്.
കിഴക്കന്‍ മേഖലയില്‍ മഴ ശക്തമാകുമ്പോള്‍ മാത്രമേ അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയുള്ളൂ. ഐരാണിക്കുടി പാലത്തിനു താഴെയുള്ള ഷട്ടര്‍ കരകവിഞ്ഞ് വെള്ളം വലിയതോട്ടിലൂടെ കരിങ്ങാലിപ്പാടത്തേക്ക് ഒഴുകിയാല്‍ മാത്രമേ കരിങ്ങാലി പാടത്തിന്റെ തീരത്തുള്ള വീടുകള്‍ അപകടാവസ്ഥയിലെക്കെത്തുകയുള്ളൂ. വെള്ളപ്പൊക്കം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ നഗരസഭ ഇക്കുറി വള്ളങ്ങള്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്.
പമ്പാനദീ തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് മനസ്സില്‍ ഭയമാണ്. നദിയില്‍ ജലനിരപ്പുയര്‍ന്ന് തുടങ്ങുമ്പോള്‍ ഏറ്റവുമധികം ആശങ്കയുണ്ടാവുന്നത് കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ മേഖലയിലുള്ളവര്‍ക്കാണ്. നദിയില്‍ ഏതാനും അടി വെള്ളം പൊങ്ങുമ്പോള്‍ ഇവര്‍ക്ക് വീടുകളിലെത്താനുള്ള ഏക ആശ്രയമായ കുരുമ്പന്‍മൂഴി കോസ്വേ വെള്ളത്തില്‍ മുങ്ങും. അല്പംകൂടി ഉയര്‍ന്നാല്‍ അരയാഞ്ഞിലിമണ്‍ കോസ്വേയും. ഈ രണ്ട് പ്രദേശങ്ങളുടെയും മൂന്നുവശങ്ങള്‍ വനവും ഒരു വശം നദിയുമാണ്. കോസ്വേ മുങ്ങിയാല്‍ ഇവര്‍ ഒറ്റപ്പെടുന്ന സ്ഥിതിയാണുണ്ടാവുന്നത്. നദിക്കുകുറുകെ നടപ്പാലം നിര്‍മിക്കാന്‍ ഫണ്ടനുവദിച്ചെങ്കിലും യാഥാര്‍ഥ്യമായിട്ടില്ല.
മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുന്നത് തീരവാസികളെ ആശങ്കയിലാഴ്ത്തുന്നു. കോമളം പാലം മുളകള്‍ അടിഞ്ഞ് തടയണ പോലായ 2021-ല്‍ ഏറെ ദുരിതമാണ് നാട് നേരിട്ടത്. കോട്ടാങ്ങല്‍, ആനിക്കാട്, മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. പുറമറ്റത്തെ വെണ്ണിക്കുളം വേലമ്പറമ്പ് കോളനിയിലാണ് ആദ്യം വെള്ളം കയറുക. മല്ലപ്പള്ളി പുന്നമണ്ണില്‍ ഭാഗത്തും വെള്ളക്കെട്ട് പ്രശ്നമുണ്ടാക്കും. മുന്നൊരുക്കങ്ങളൊന്നും ഇതുവരെ ആയിട്ടുമില്ല.