ചാരുംമൂട്: ബില്ലടച്ചിട്ടും മന്ത്രി പി പ്രസാദിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബി ജീവനക്കാരന് സസ്പെന്ഷന്. നൂറനാട് സെക്ഷന്‍ ഓഫീസിലെ ലൈന്മാന് ചേര്‍ത്തല സ്വദേശി സുനില്‍ കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കെഎസ്ഇബി നൂറനാട് ഓഫീസിലും മന്ത്രിയുടെ വീട്ടിലും ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.ഹരിപ്പാട് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എംവി മധു, മാവേലിക്കര അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് കെഎസ്ഇബി ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മന്ത്രിയുടെ നൂറനാട് മറ്റപ്പള്ളിയിലുള്ള വീടിന്റെ വൈദ്യുതി കണക്ഷനാണ് കെഎസ്ഇബി ജീവനക്കാര്‍ ഈ മാസം രണ്ടിന് വിച്ഛേദിച്ചത്. മന്ത്രി വൈദ്യുതി ഭവനുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് കണക്ഷന് പുനഃസ്ഥാപിക്കുകയായിരുന്നു. ഫെബ്രുവരി 24ന് രാവിലെ ഓണ്‍ലൈനായി ബില്‍ തുകയായ 490 രൂപ അടച്ചിരുന്നു. അടച്ചത് അറിഞ്ഞില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം.