ചെങ്ങന്നൂര്‍ : കനത്ത മഴയെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ താലൂക്കിന്റെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിലായി. പമ്പാനദിയില്‍ ജലനിരപ്പുയരുന്നുണ്ടെങ്കിലും അപകടരേഖയില്‍ എത്തിയിട്ടില്ല. ആറു ക്യാമ്പുകളിലായി 33 കുടുംബങ്ങളിലായി 125 പേരാണ് കഴിയുന്നത്.
തിരുവന്‍വണ്ടൂര്‍ എച്ച്.എസ്.എസ്., ഇരമല്ലിക്കര ഹിന്ദു യു.പി.എസ്, കീഴ്ച്ചേരിമേല്‍ ജെ.ബി.എസ്., എണ്ണയ്ക്കാട് പകല്‍വീട്, പാണ്ടനാട് ജെ.ബി.എസ്, മാന്നാര്‍ ചെങ്കിലാത്ത് എല്‍.പി.എസ്. എന്നിവിടങ്ങളിലാണു ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ബുധനാഴ്ച താലൂക്കില്‍ പുതുതായി നാലുക്യാമ്പുകള് തുടങ്ങി. തിരുവന്‍വണ്ടൂര്‍, പാണ്ടനാട് പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം.മണിമലയാറും വരട്ടാറും നിറഞ്ഞതാണ് വെള്ളപ്പൊക്കത്തിനു കാരണമായത്.
മണിമലയാര്‍ അപകടരേഖയ്ക്കു മുകളില്‍ ഒഴുകുന്നതിനാല്‍ വരട്ടാറില്‍ ജലനിരപ്പുയര്‍ന്നതോടെ തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് മൂന്നാംവാര്‍ഡിലെ നിരവധിവീടുകളില്‍ വെള്ളം കയറി. ഇവിടെനിന്ന് 10 കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിപ്പാര്‍പ്പിച്ചു. ഇരമല്ലിക്കര, തട്ടാവിളത്തു കടവ്, വാളത്തോട്, നന്നാട് കുന്നേല്ഭാഗം, കല്ലുവേലില്ഭാഗം, ഈരടിച്ചിറ, നന്നാട് കോട്ടയത്ത്കാവ് ക്ഷേത്രപ്പടി, തിരുവന്‍വണ്ടൂര്‍-തോണ്ടറപ്പടി, വഞ്ഞിപുഴേത്ത് പടി, കീഴ്ച്ചേരിഭാഗം, യു.പി. സ്കൂള്‍ അങ്കണം, കുത്തിയതോട്, പ്രയാര്‍, ഉമയാറ്റുകര, മുറിയായിക്കര എന്നീ താഴ്ന്നപ്രദേശങ്ങളില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്.
താലൂക്കില്‍ ഇതുവരെ എട്ടുവീടുകള്‍ തകര്‍ന്നു. ചൊവ്വാഴ്ച അഞ്ചുവീടുകള്‍ തകര്‍ന്നിരുന്നു. ബുധനാഴ്ച ആലായില്‍ രണ്ടും ചെങ്ങന്നൂര്‍ നഗരസഭയില്‍ ഒരുവീടും ഭാഗികമായി തകര്‍ന്നു. ആലാ തെക്കേടത്ത് രാധമ്മ, പെണ്ണുക്കര സ്വദേശി മറിയാമ്മ മാത്യു, നഗരസഭ 12-ാം വാര്‍ഡില്‍ മനോമണി എന്നിവരുടെ വീടുകള്‍ക്കാണ് നാശമുണ്ടായത്. മുളക്കുഴ പഞ്ചായത്ത് മൂന്നാംവാര്‍ഡില്‍ തിരുമുളക്കുഴ പ്രദേശത്തും വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.