ഹരിപ്പാട്: തനിച്ച് താമസിക്കുന്ന വയോധികയെ തെരുവ് നായ ആക്രമിച്ച് ഗുരുതരാവസ്ഥയിലാക്കി. രാമപുരം വടക്ക് പൊന്നമ്മേത്ത് സരസ്വതി അമ്മക്ക് (84)ആണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഇവർ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കളയുന്നതിനായി വീടിനു വടക്കു ഭാഗത്തേക്ക് ഇറങ്ങിയത്. ഉടൻ പുറകിൽ നിന്നും ഓടിയെത്തിയ തെരുവ് നായ സരസ്വതി അമ്മയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
തല, കഴുത്ത്, പുരികം, ചെവി, വലതു കൈ,തുട, കാൽ എന്നിങ്ങനെ ശരീരത്തിലെ മിക്ക ഭാഗങ്ങളിലും കടിയേറ്റു. ഇവരുടെ കരച്ചിൽ കേട്ട് സമീപവാസികളായ സ്ത്രീകൾ എത്തി നായയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും അത് പിന്മാറിയില്ല. തുടർന്ന് സമീപത്തെ വീട്ടിലെ ലീവിന് നാട്ടിലെത്തിയ സൈനികനായ ഉണ്ണികൃഷ്ണൻ വടിയുമായി എത്തി ഇതിനെ ഓടിക്കുകയായിരുന്നു. അപ്പോഴേക്കും സരസ്വതി അമ്മ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. ഇവരെ ആദ്യം ഹരിപ്പാട് ഗവണ്മെന്റ് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.