പെരുമ്പാവൂര്‍ ബൈപാസുമായി ബന്ധപ്പെട്ട് നാറ്റ് പാക്ക് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഈ ആഴ്ച്ച തന്നെ സമര്‍പ്പിക്കും. ഇത് സംബന്ധിച്ചുള്ള പഠനം പൂര്‍ത്തിയായതായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു. എം.സി റോഡിന് കുറുകെ ബൈപ്പാസ് കടന്നുപോകുന്ന ഭാഗത്തെ വിന്യാസം സംബന്ധിച്ചാണ് നാറ്റ് പാക്ക് പഠനം നടത്തിയത്. തിരുവനന്തപുരത്ത് കിഫ്ബി പദ്ധതി ഡയറക്ടറുടെ ഓഫീസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ബൈപ്പാസിന്റെ രണ്ട് ഘട്ടങ്ങളുടെയും ടോപ്പോഗ്രാഫിക് സര്‍വ്വേ നടന്നു കൊണ്ടിരിക്കുകയാണ്. ചതപ്പു നിലങ്ങളില്‍ നാലു വരിയില്‍ എലിവേറ്റഡ് പാതയായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ബൈപ്പാസിന്റെ ഒന്നാം ഘട്ട ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. ഏറ്റെടുത്ത ഭാഗത്തെ മരങ്ങള്‍ മുറിച്ചു നീക്കലും കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്ന പ്രവൃത്തികളും ആരംഭിക്കുകയാണെന്ന് എംഎല്‍എ പറഞ്ഞു. എം.സി റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്ന നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയില്‍ എത്തിയ സ്ഥിതിക്ക് പെരുമ്പാവൂര്‍ നിര്‍ദ്ദിഷ്ട ബൈപ്പാസുമായി സന്ധിക്കുന്നിടത്ത് ഗ്രേഡ് ജംഗ്ഷന് അല്ലെങ്കില്‍ ഗ്രേഡ് സെപ്പറേറ്റ് ജംഗ്ഷന് ഇവയില്‍ ഏതാണ് അഭികാമ്യം എന്നുള്ള പഠനവും ഇതോടൊപ്പം പൂര്‍ത്തിയാവുകയാണ്.
എലിവേറ്റഡ് പാതയായി പ്രധാന ജംഗ്ഷനില്‍ ബൈപ്പാസ് കടന്നുപോകുമെന്നാണ് നിലവിലുള്ള സൂചന. ബൈപ്പാസിന്റെ മണ്ണ് പരിശോധന ഈയാഴ്ച ആരംഭിച്ചു. പാത കടന്നുപോകുന്ന സ്ഥലങ്ങളില്‍ 2016 ന് ശേഷം വന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തി വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി ജനുവരി 31ന് മുമ്പ് സമര്‍പ്പിക്കാന്‍ നാറ്റ്പാക്കിന് കിഫ്ബി നിര്‍ദ്ദേശം നല്കി. കിഫ്ബി പദ്ധതി ഡയറക്ടര്‍, ചീഫ് ആര്ക്കിടെക്റ്റ്മാര്, എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.