തിരുവനന്തപുരം നെയ്യാറ്റിന്‍കര അതിയന്നൂര്‍ വെണ്‍പകല്‍ നെട്ടത്തോളം ലക്ഷംവീട് കോളനിയില്‍ പൊള്ളലേറ്റ് മരിച്ച രാജന്, ഭാര്യ അമ്പിളി എന്നിവരുടെ മക്കളായ രാഹുല്‍, രഞ്ജിത്ത് എന്നിവര്‍ക്ക് സ്ഥലവും വീടും ധനസഹായവും നല്‍കുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചു.
രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയില്‍ പത്ത് ലക്ഷം രൂപ ചെലവില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട് വച്ചു നല്‍കും. ഇവരുടെ വിദ്യാഭ്യാസ-ജീവിത ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. തുക രണ്ടുപേരുടെയും പേരില്‍ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുവാന്‍ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
കേരളാ വനിതാ-ശിശുക്ഷേമ വകുപ്പിനു കീഴിലുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ശമ്പള പരിഷ്കരണം:
2018-19 സാമ്പത്തിക വര്‍ഷത്തെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് പൂര്‍ത്തിയായ ശേഷമേ ശമ്പള പരിഷ്കരണം നടപ്പാക്കാവൂ എന്ന നിബന്ധനയ്ക്കു വിധേയമായി സ്റ്റീല്‍ ഇന്‍ഡസ്ട്രീയല്‍സ് കേരള ലിമിറ്റഡിലെ ഓഫീസര്‍മാരുടെ ശമ്പളം 01-04-2014 മുതല്‍ 5 വര്‍ഷത്തേക്ക് പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
296 കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തും:
കെല്‍ട്രോണിലും അനുബന്ധ കമ്പനികളിലും പത്ത് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 296 കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭൂജല വകുപ്പിലെ 25 സി.എല്‍.ആര് ജീവനക്കാരെ എസ്.എല്‍.ആര്‍മാരായി നിയമിക്കും.
നിയമനങ്ങള്‍/ മാറ്റങ്ങള്‍:
തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സി.വി. സാജനെ റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും. ഹൗസിംഗ് കമ്മീഷണറും ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുമായ എ. ഷിബുവിനെ ലാന്റ് ബോര്‍ഡ് സെക്രട്ടറിയായി മാറ്റി നിയമിക്കും.
സര്‍വ്വെ ആന്റ് ലാന്റ് റിക്കോര്‍ഡ്സ് ഡയറക്ടറായ ആര്. ഗിരിജയ്ക്ക് ഹൗസിംഗ് കമ്മീഷണറുടെയും ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുടെയും ചുമതലകള്‍ നല്‍കും. ലാന്റ് ബോര്‍ഡ് സെക്രട്ടറി ജോണ്‍ വി സാമുവലിനെ തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും.