മൂവാറ്റുപുഴ: മാറാടി – ആരക്കുഴ പഞ്ചായത്തുകളിലെ ജനങ്ങളുടെ ചിരകാല സ്വപ്നം പൂവണിയും. ഈസ്റ്റ് മാറാടി ആരക്കുഴ മൂഴി ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നു. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഡീന്‍ കുര്യാക്കോസ് എംപിയുടെ ശ്രമഫലമായി 3.7 കോടി അനുവദിച്ചു.
എംസി റോഡില്‍ ഈസ്റ്റ് മാറാടിയില്‍ നിന്നും ആരംഭിച്ച ആരക്കുഴ മൂഴി റോഡിനാണ് നീണ്ട കാത്തിരിപ്പിന് ശേഷം ശാപമോക്ഷം ലഭിച്ചത്. കുണ്ടും കുഴിയും നിറഞ്ഞ് കാല്‍നട യാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത രീതിയില്‍ തകര്‍ന്നു കിടക്കുന്ന റോഡിനാണ് ശാപമോക്ഷമാവുന്നത്.
മാറാടി കുരുക്കുന്നപുരത്തു നിന്നും ആരംഭിക്കുന്ന ഫാം റോഡായി നിര്‍മാണം ആരംഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോയ സമയത്ത് ഈ പ്രദേശത്തെ കര്‍ഷകര്‍ റോഡിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കുരുക്കുന്നപുരം പാടശേഖരം ഒഴിവാക്കി ഈസ്റ്റ് മാറാടി എംസി റോഡിന് സമീപത്തുള്ള കെഎസ്ഇബി സബ്സ്റ്റേഷന്റെ മുന്നില്‍ നിന്നും 900 മീറ്റര്‍ മാറാടി പഞ്ചായത്തിലും ശേഷം 2500 മീറ്റര്‍ ദൂരം ആരക്കുഴ പഞ്ചായത്തിലൂടെയുമാണ് റോഡ് കടന്നുപോകുന്നത്. എന്നാല്‍ ഈസ്റ്റ് മാറാടി സബ്സ്റ്റേഷന്റെ സമീപത്ത് ആവശ്യത്തിന് വീതി ഇല്ലാത്തതിനെ തുടര്‍ന്ന് പ്രദേശത്തെ സ്ഥല ഉടമകളുമായി സംസാരിച്ച് വീതി വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനമെടുത്തിരുന്നു.
ഭാവിയില്‍ റോഡ് നടുക്കര വഴി വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജിന് സമീപം എത്തിച്ചേരുന്ന രീതിയില്‍ ഉന്നത നിലവാരത്തില്‍ പണി പൂര്‍ത്തീകരിച്ചാല്‍ തൊടുപുഴ ഭാഗത്ത് നിന്നും വരുന്ന യാത്രക്കാര്‍ക്ക് മൂവാറ്റുപുഴ ടൗണിലെ ഗതാഗതക്കുരുക്കില്‍പെടാതെ ഈസ്റ്റ് മാറാടി, കായനാട്, പെരുവം മൂഴി വഴി എറണാകുളത്തേക്ക് യാത്ര ചെയ്യുന്ന ഒരു ബൈപാസ് റോഡായി മാറ്റാന്‍ കഴിയുമെന്ന് മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി പറഞ്ഞു.