മൂവാറ്റുപുഴ: കേരള ചലച്ചിത്ര അക്കാദമി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സിനിമ സംവിധായകനും എഴുത്തുകാരനും തിരക്കഥാകൃത്തുമായ എന്‍. അരുണിന് തൃക്കളത്തൂര്‍ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് സ്വീകരണം നല്കി. തൃക്കളത്തൂര്‍ ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ സമ്മേളനം റിട്ട. ജസ്റ്റീസ് കെ. ബാലകൃഷ്ണന് നായര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചലചിത്ര സംവിധായകന് മെക്കാര്‍ട്ടിന്‍ മുഖ്യപ്രഭാഷണം നടത്തി. തൃക്കളത്തൂര്‍ സാംസ്കാരിക സമിതി രക്ഷാധികാരി പി.അര്ജ്ജുനന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
തൃക്കളത്തൂര്‍ സാംസ്കാരിക സമിതി രക്ഷാധികാരി എ.ആര്. രാമന് നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. എന്‍. അരുണിന് സാംസ്കാരിക സമിതിയുടെ മെമെന്റോ സാംസ്കാരിക സമിതി രക്ഷാധികാരികളായ പി. അര്ജുനന് മാസ്റ്ററും എ.ആര്. രാമന് നമ്പൂതിരിയും ചേര്‍ന്ന് നല്കി ആദരിച്ചു. മുന്‍ എം.എല്‍.എമാരായ ബാബുപോള്‍, എല്‍ദോ എബ്രഹാം, ജോര്‍ജ് എടപ്പരത്തി, ജയകുമാര്‍ ചെങ്ങമനാട്, എസ്.മോഹന്‍ദാസ്, കലാഭവന്‍ സജീവന്, അഡ്വ. വാല്‍ക്കണ്ണാടി ജോയി എന്നിവര്‍ സംസാരിച്ചു. എന്‍. അരുണ്‍ മറുപടി പ്രസംഗം നടത്തി. എ.ആര്. വിജേഷ്കുമാര് സ്വാഗതവും സനു വേണുഗോപാല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാഭവന്‍ സജീവന്റെ നേതൃത്വത്തില്‍ കലാവിരുന്നും നടന്നു.