ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളത്തിലെ നല്ലൊരു ശതമാനം ആളുകള്‍ ആശങ്കയില്‍ കഴിയുന്ന അവസരത്തില്‍ മൂന്ന് ഗ്രാമവാസികളെ ആശങ്കയിലാക്കി കര്‍ണാടക സര്‍ക്കാര്‍.
അയ്യന്‍കുന്ന് പഞ്ചായത്തിലെ മൂന്ന് ഗ്രാമങ്ങളിലെ താമസക്കാരാണ് കര്‍ണാടക സര്‍ക്കാരിന്റെ നടപടിമൂലം ആശങ്കയിലായിരിയ്ക്കുന്നത്. പരിസ്ഥിതി ലോല മേഖലയില്‍പ്പെടുത്തുവാനുള്ള നീക്കത്തിന്റെ ഭാഗമായി മൂന്ന് ഗ്രാമങ്ങളെയാണ് കര്‍ണാടക സര്‍ക്കാര്‍ അളന്ന് തിട്ടപ്പെടുത്തിയിരിയ്ക്കുന്നത്. കേരളത്തിന്റെ അധീനതയുള്ള ഭൂമിയാണ് ഇത്.
കണ്ണൂര്‍ ജില്ലയിലെ അയ്യന് കുന്ന് പഞ്ചായത്തിലെ ഭാഗങ്ങള്‍ കര്‍ണാടകയുടെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെട്ടതായി ആശങ്കയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റും സ്ഥലം എംഎല്‍എയും. ഇതിന്റെ ഭാഗമായാകാം അയ്യന് കുന്ന് പഞ്ചായത്തിലെ ആറ് ഇടങ്ങളില്‍ കഴിഞ്ഞ ദിവസം കര്‍ണാടക വനം വകുപ്പ് രേഖപ്പെടുത്തലുകള്‍ നടത്തിയതെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നത്.
മാക്കൂട്ടം,ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ പുതിയ ബഫര്‍ സോണ്‍ പരിധിയില്‍ കേരളത്തിലെ ഭാഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ കര്‍ണാടകയില്‍ നിന്നുള്ള മാപ്പ് ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ കര്‍ണ്ണാടകയുടെ നടപടി സംബന്ധിച്ച് കേരള സര്‍ക്കാരിനോ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ വിവരമില്ല. കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അടയാളപ്പെടുത്തലുകള്‍ ഒന്നും നടത്തിയിട്ടില്ലെന്ന് അറിയിച്ചതായി കണ്ണൂര്‍ ഡിഎഫ്ഒ പറഞ്ഞു. മടിക്കേരി, കൂര്‍ഗ് ഡിഎഫ്ഒമാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും അദ്ദേഹം പറയുന്നു.
പുതുതായി അടയാളപ്പെടുത്തലുകള്‍ നടത്തിയിട്ടില്ലെന്ന കര്‍ണാടക വനം വകുപ്പിന്റെ വിശദീകരണം കിട്ടിയതോടെ അന്വേഷണത്തിനായി ജില്ല കളക്ടര്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തി. എഡിഎം ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും.