കോണ്‍ഗ്രസിന് വാമനപുരം ബ്ലോക്കില്‍ മത്സരിക്കാനും പിന്താങ്ങാനും ആളില്ലാതായതോടെ എല്‍ഡിഎഫ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല. വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ ആകെയുള്ള 15 ഡിവിഷനില്‍ പതിനാലും നേടിയാണ് എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചത്. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം ഇക്കുറി പട്ടികജാതി വനിതയ്ക്കാണ് സംവരണം ചെയ്തിട്ടുള്ളത്. പാലോട് ബ്ലോക്ക് ഡിവിഷനില്‍ നിന്ന് വിജയിച്ച കോമളമാണ് പ്രസിഡന്റാവുക. നിലവില്‍ കോണ്‍ഗ്രസിന് ഒരംഗം മാത്രമാണുള്ളത്. പിന്താങ്ങാന് അംഗമില്ലാത്തതിനാല്‍ ഇവര്‍ക്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല.
കല്ലറ ബ്ലോക്ക് ഡിവിഷനില്‍ നിന്ന് വിജയിച്ച അഡ്വ. എസ്എം റാസിയാണ് വൈസ് പ്രസിഡന്റാവുക. പനങ്ങോട് തുമ്പാനൂര്‍ സ്വദേശിനിയായ കോമളം വളരെ സാധാരണ കുടുംബത്തിലെ അംഗമാണ്. തൊഴിലുറപ്പ് തൊഴിലാളിയായും മേറ്റായും പ്രവര്‍ത്തിച്ചിരുന്ന കോമളം അങ്കണവാടി ടീച്ചറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പിരപ്പന്‍കോട് സ്വദേശിയായ റാസി വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. മാണിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു. ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷനില്‍ നിന്ന് കഴിഞ്ഞ തവണ വിജയിച്ച അദ്ദേഹം ബിരുദാനന്തര ബിരുദധാരിയുമാണ്.