കാസര്‍ഗോഡ് പെരിയയില്‍ നിര്‍മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നുവീണ സംഭവത്തില്‍ പരിശോധനയ്ക്കായി എന്‍.ഐ.ടി സംഘം ഇന്ന് എത്തും. നിര്‍മാണത്തിലുള്ള അപാകതയാണ് അപകടത്തിന് കാരണമെന്ന ആരോപണം ഉയരുന്നതിനിടയിലാണ് പരിശോധന. നിര്‍മാണ കരാര്‍ കമ്പനിയായ മേഘാ കണ്‍സ്ട്രക്ഷനെതിരെ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍ വിദഗ്ധ സംഘത്തിന്റെ പരിശോധന നിര്‍ണായകമാകും.
വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് വിദഗ്ധ പരിധോനയ്ക്കായി എന്‍.ഐ.ടി സംഘത്തെ എത്തിക്കാന്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്. കോഴിക്കോട് നിന്നുള്ള സംഘം എത്തുന്നതോടെ അപകട കാരണത്തെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും അപകട കാരണം വ്യക്തമാക്കാന്‍ നിര്‍മാണ കമ്പിനിയോ, ദേശീയപാത അതോറിറ്റിയോ തയ്യാറായിട്ടില്ല.
അപടകടത്തില്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും, നിര്‍മാണ കമ്പനി അധികൃതര്‍ സംഭവം മറച്ചുവച്ചുവെന്നുമുള്ള നാട്ടുകാരുടെ ആരോപണവും നിലനില്‍ക്കുകയാണ്. ഇതില്‍ ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.