മൂവാറ്റുപുഴ : മുറിക്കല്‍ ബൈപ്പാസിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലങ്ങളുടെ ഭൂരിഭാഗവും ഏറ്റെടുത്തതായും ശേഷിക്കുന്ന സ്ഥലങ്ങള്‍ ഉടന്‍ ഏറ്റെടുക്കുമെന്നും മാത്യു കുഴല്നാടന് എം എല്‍ എ അറിയിച്ചു. ഏറ്റെടുത്ത സ്ഥലങ്ങള്‍ മുഴുവനായും കെആര്‍എഫ് ബിക്ക് ഈ ആഴ്ച തന്നെ കൈമാറുമെന്നും എംഎല്‍എ പറഞ്ഞു. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിര്‍ത്തികള്‍ ഭാവിയില്‍ തര്‍ക്കം ഉണ്ടാകാത്ത തരത്തില്‍ ജിയോ ടാഗ് നടത്തുന്നതിനും കെ ആര് എഫ് ബി അധികൃതര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്കി.
മുറിക്കല്‍ ബൈപാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വെള്ളൂര്‍കുന്നം വില്ലേജില്‍
മുന്‍പ് 1.991 ഹെക്ടര്‍ സ്ഥലം ഏറ്റെടുത്തിരുന്നു. അഡീഷണലായി 1.9924 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. 83 വ്യക്തികളുടെ സ്ഥലമാണ് ഇതില്‍ ഉള്‍പ്പെടുക. ഇത് മാറാടി , വെള്ളൂര്‍കുന്നം വില്ലേജുകളിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമായ 56.50 കോടി രൂപ കെ.ആര്.എഫ്. ബി ലാന്റ് അക്വിസേഷന്‍ തഹസില്‍ദാര്‍ക്ക് കൈമാറിയിട്ടുണ്ട്.
മൂവാറ്റുപുഴയിലെ നിര്‍മ്മാണ പുരോഗതികള്‍ വിലയിരുത്താന്‍ എംഎല്‍എ ഉന്നതതല ഉദ്യോഗസ്ഥ യോഗം വിളിച്ചിരുന്നു. മൂവാറ്റുപുഴയുടെ പൊതു വികസന തടസങ്ങള്‍ നീക്കാന്‍ നാണ് മാത്യു കുഴല്നാടന് എംഎല്‍എ ഉന്നതല ഉദ്യോഗസ്ഥ യോഗം വിളിച്ചുചേര്‍ത്തത്. വികസന തടസ്സങ്ങള്‍ എവിടെയാണ് എന്നുള്ളത് പരസ്പരം ചര്‍ച്ച ചെയ്തു സുഗമമായി മുന്നോട്ടുപോകുന്നതിന് ഉള്ള തീരുമാനങ്ങള്‍ എടുക്കാനായിരുന്നു യോഗം.
വിവിധ റോഡുകളുടെ നിര്‍മ്മാണ പുരോഗതിയും യോഗം വിലയിരുത്തി. മഴക്കാലം കഴിഞ്ഞാല്‍ മൂവാറ്റുപുഴ ആസാദ് റോഡ് – കീച്ചേരിപ്പടി, ആശ്രമംകുന്ന് റോഡ്, കാവുങ്കര- മാര്‍ക്കറ്റ് റോഡ്, മൂവാറ്റുപുഴ പിറവം റോഡിന്റെ മൂവാറ്റുപുഴ 130 ജംഗ്ഷന് മുതല്‍ പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗം എന്നിവയുടെ നിര്‍മ്മാണം ആരംഭിക്കുമെന്ന് എംഎല്‍എ പറഞ്ഞു.