മൂവാറ്റുപുഴ : തടസങ്ങള്‍ നീക്കി ടൗണ്‍ റോഡിന്റെ നിര്‍മ്മാണം പുനരാരംഭിച്ചതായി ഡോക്ടര്‍ മാത്യു കുഴല്നാടന് എംഎല്‍എ. നഗര വിതസനം വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ നടന്നുവരുന്ന പ്രവര്‍ത്തികളുടെ ഉന്നതതല അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം ‘
തിരുവനന്തപുരത്ത് കഴിഞ്ഞ ആഴ്ച വിളിച്ചുചേര്‍ത്ത കെ.ആര്.എഫ്. ബി , കിഫ്ബി ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ ഉണ്ടായ തീരുമാനത്തെ തുടര്‍ന്നാണ് ടൗണ്‍ റോഡിന്റെ നിര്‍മ്മാണം പുനരാരംഭിച്ചത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ മൂവാറ്റുപുഴയില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. ടെന്‍ഡര്‍ തുക വര്‍ദ്ധിപ്പിച്ച് നല്‍കുന്നതിനും തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു.
ടൗണ്‍ റോഡ് വികസന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കെ ആര് എഫ് ബിയോട് എംഎല്‍എ ആവശ്യപ്പെട്ടു. റോഡ് നിര്‍മ്മാണം കഴിഞ്ഞദിവസം പുനരാരംഭിച്ചിരുന്നു. റോഡിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായി കെ എസ് ഇ ബി യുടെ പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കും. കെഎസ്ഇബിയുടെ ലെയിന്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ആര് എം യു സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഈ നടപടികള്‍ പൂര്‍ത്തിയാക്കി കെഎസ്ഇബി ലൈന്‍ ഉടന്‍ മാറ്റി സ്ഥാപിക്കും. പൊതുമരാമത്ത് വകുപ്പില്‍ കെട്ടിട വിഭാഗത്തിന്റെ കീഴില്‍ നടക്കുന്ന പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് എംഎല്‍എ നിര്‍ദേശം നല്കി.
മൂവാറ്റുപുഴയുടെ പൊതു വികസന തടസങ്ങള്‍ നീക്കാനാണ് മാത്യു കുഴല്നാടന് എംഎല്‍എ ഉന്നതല ഉദ്യോഗസ്ഥ യോഗം വിളിച്ചുചേര്‍ത്തത്. പൊതുമരാമത്ത് റവന്യൂ വകുപ്പുകള്‍ സംയുക്തമായിട്ടാണ് യോഗം ചേര്‍ന്നത്. വികസന തടസ്സങ്ങള്‍ എവിടെയാണ് എന്നുള്ളത് പരസ്പരം ചര്‍ച്ച ചെയ്തു സുഗമമായി മുന്നോട്ടുപോകുന്നതിന് ഉള്ള തീരുമാനങ്ങള്‍ എടുക്കാനായിരുന്നു യോഗം.
വിവിധ വകുപ്പ് മേധാവികളായ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ (എന്‍ എച്ച്) രാകേഷ് സി, എ എക്സിമാരായ ബ്ലസി ബേബി, ജൂലിന്‍ ജോസ്, കെ.എസ്. ഇ ‘ബി എ എക്സി ബീവി ബക്കര്‍, കെഎസ്ടിപി എ . ഇ റഹ്മത്ത് ബീവി കെ കെ, കെ ആര് എഫ് ബി എ എക്സി സിജി കെ ജെ, എ ഇമാരായ മുഹ്സിന എം , നിംന ഏലിയാസ്, എല്‍. എ തഹസില്‍ദാര്‍ ബേസില്‍ കുരുവിള, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.