എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ മലയോര കര്‍ഷക ഗ്രാമമായ കല്ലൂര്‍ക്കാട് പ്രദേശവാസികള്‍ക്ക് ആശ്രയമായി കല്ലൂര്‍ക്കാട് കുടുംബാരോഗ്യ കേന്ദ്രം. കഴിഞ്ഞ ആഴ്ച്ച ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതിന്റെ പ്രഖ്യാപനം നടത്തിയത്. കുറഞ്ഞ ചെലവില്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാല്‍ 500 രോഗികളാണ് ദിവസേന ചികിത്സയ്ക്കെത്തുന്നത്.
ആരോഗ്യ രംഗത്തെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായാണ് ആരോഗ്യ കേന്ദ്രത്തെ ഉയര്‍ത്തിയത്. 1960 ല്‍ സര്‍ക്കാര്‍ ഡിസ്പന്‍സറിയായി പ്രവര്‍ത്തനമാരംഭിച്ച ആശുപത്രി 2008 ലായിരുന്നു പ്രാഥമിക ആരോഗ്യ കേന്ദ്രമായത്. കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി വിഹിതവും ദേശീയ ആരോഗ്യ മിഷന്റെ പദ്ധതിവിഹിതവും ഉപയോഗിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓക്സിജന്‍ ബെഡ്ഡുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കുടുംബാരോഗ്യ കേന്ദ്രമായതോടെ കല്ലൂര്‍ക്കാട് പഞ്ചായത്തിന് പുറമേ സമീപ പഞ്ചായത്തുകളായ മഞ്ഞള്ളൂര്‍, ആയവന, കുമാരമംഗലം തുടങ്ങിയ പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭിക്കും. മൂന്ന് ഡോക്ടര്‍മാരും നാല് സ്റ്റാഫ് നേഴ്സുമാരും രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പടെ 26 ജീവനക്കാരുണ്ട്.
കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതോടെ കൂടുതല്‍ രോഗീ സൗഹൃദമായ പ്രവര്‍ത്തനങ്ങളാണ് നല്‍കുന്നത്. വൈകിട്ട് ആറ് വരെ ഒ.പി സേവനം ലഭിക്കും. പൊതുജനാരോഗ്യ വിഭാഗം, മാതൃശിശു സംരക്ഷണ വിഭാഗം, പാലിയേറ്റീവ് പരിചരണ വിഭാഗം, ലാബ്, ഫാര്‍മസി തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ കൂടി സജ്ജമാകുന്നതോടെ കല്ലൂര്‍ക്കാടിന്റെ ആരോഗ്യ മേഖലയില്‍ വലിയ മാറ്റത്തിനാണ് വഴിയൊരുങ്ങുന്നത്.