നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ കുടുംബത്തിന് വീട് വെച്ചു നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഷാഫി പറമ്പില്‍ എം.എല്‍.എയാണ് ഇതു സംബന്ധിച്ച് ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപനം നടത്തിയത്.
”അവന്റെ ഉറ്റവര്‍ ജീവനോടെയിരിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ നമ്മുക്ക് ആര്‍ക്കും സാധിച്ചില്ല. ആ കുറ്റബോധത്തോടെ തന്നെ ഇവര്‍ക്കൊരു സ്ഥലവും വീടും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോണ്‍ഗ്രസ്സ് ഏറ്റെടുക്കുന്നു”. ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം സംഭവം നടന്ന ദിവസം ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ഓര്‍ഡര്‍ വന്നു. സ്റ്റേ ഓര്‍ഡര്‍ വരുമെന്നറിഞ്ഞിട്ടാണ് പോലീസ് തിടുക്കപ്പെട്ട് നീക്കം നടത്തിയതെന്ന് കുടുംബം ആരേപിച്ചു. അതിനിടെ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അച്ഛന് രാജന് മരിച്ചതിന് പിന്നാലെ അമ്മ അമ്പിളിയെയും കുടുംബത്തിന് നഷ്ടമായി. രാജന്റെ സംസ്കാര ചടങ്ങുകള്‍ നടന്ന ശേഷമായിരുന്നു അമ്പിളി ജീവന് വെടിഞ്ഞത്. ഹൈക്കോടതിയില്‍ നിന്നും മണിക്കൂറുകള്‍ക്കകം സ്റ്റേ ഓര്‍ഡര്‍ വരുമെന്ന് മുന്‍കൂട്ടി അറിഞ്ഞാണ് പോലീസ് അവിടെ എത്തി തങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചതെന്നും മക്കള്‍ പറയുന്നുണ്ട്. പോലീസിന്റെ തിടുക്കമാണ് സകല പ്രശ്നങ്ങള്‍ക്കും കാരണമായി കുടുംബം ചൂണ്ടിക്കാണിക്കുന്നത്. അയല്‍വാസിക്കും പൊലീസിനുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനാണ് മക്കളുടെ തീരുമാനം.
https://www.facebook.com/shafiparambilmla/posts/3707183085985297