കൊച്ചി- മൂന്നാര്‍ എന്‍.എച്ച് 85 ടെണ്ടര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. കുണ്ടന്നുര്‍ മുതല്‍ മൂന്നാര്‍ വരെ 124.636 കി.മീ റോഡ് ആണ് വികസിപ്പിക്കുന്നത്. 2 ലെയ്ന്‍ വിത്ത് പേവ്ഡ് ഷോള്‍ഡര്‍ എന്ന സ്പെസിഫിക്കേഷനില്‍ ആണ് റോഡ് അന്താരാഷ്ട്ര നിലവാരത്തില്‍ ആക്കുന്നതെന്ന് ഡീന്‍ പറഞ്ഞു. 889.7 കോടി രൂപയാണ് ഇതിനായി ഉള്‍ക്കൊളളിച്ചിരിക്കുന്നത്. നേര്യമംഗലത്ത് പുതിയ ഒരു പാലം ഉള്‍പ്പടെയാണ് ടെണ്ടര്‍ ചെയ്യപ്പെടുന്നത്.
നവംബര്‍ ആദ്യവാരത്തോടെ കൂടി ഫിനാന്‍ഷ്യല്‍ ബിഡ് ഓപ്പണ്‍ ചെയ്യും. ഇപ്പോള്‍ കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ ടെന്‍ഡര്‍ കാലാവധി കഴിഞ്ഞപ്പോള്‍ 4 പേരാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചിരിക്കുന്നത്. അവരെ സംബന്ധിച്ചുള്ള ടെക്നിക്കല്‍ ഇവാലുവേഷന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പരിശോധിക്കുകയാണ്. നവംബര്‍ ആദ്യവാരം ടെന്‍ഡര്‍ ഓപ്പണ്‍ ചെയ്യും.
കൊച്ചി- ധനുഷ്കോടി പുതിയ ഭാരത് മാല പദ്ധതിയില്‍ ഉള്‍കൊള്ളിച്ചപ്പോള്‍ നിലവിലുള്ള റോഡ് വികസനം ഒഴിവാക്കാന്‍ പാടില്ലെന്ന് ഉപരിതല ഗതാഗത മന്ത്രിയോട് എം. പി.എന്ന നിലയില്‍ അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് ഇപ്പോള്‍ ഈ നിലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കപ്പെട്ടത്. നേര്യമംഗലത്ത് പുതിയ പാലം ഉള്‍പ്പടെ പദ്ധതി അനുവദിച്ചതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് ഡീന്‍ നന്ദി പറഞ്ഞു.
മൂവാറ്റുപുഴ കോതമംഗലം ബൈപ്പാസുകളുമായി ബന്ധപ്പെട്ട നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 50% ലാന്‍ഡ് അക്വിസിഷന്‍ കോസ്റ്റ് സംസ്ഥാന സര്‍ക്കാരിനോട് വഹിക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഫണ്ടിന്റ അപര്യാപ്തത മൂലം സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് തീരുമാനം വൈകിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ വിവരം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെയും മറ്റു വകുപ്പ് ഉദ്യോഗസ്ഥരെയും നേരിട്ട് അറിയിച്ചതിനെതുടര്‍ന്ന് പദ്ധതിയുടെ പ്രോജക്ട് കോസ്റ്റ് കുറയ്ക്കുന്നതിന് വേണ്ടി 30 മീറ്റര്‍ വീതിയില്‍ ആണ് ഇപ്പോള്‍ നിലവില്‍ സര്‍വ്വേ ചെയ്തിരിക്കുന്നത്. എന്നാല്‍ അത് 30 മീറ്റര്‍ എന്നുള്ളത് 20 മീറ്റര്‍ ആയി കുറയ്ക്കണമെന്ന് ദേശിയപാത അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ അല്‍ക്കാ ഉപാധ്യായയോട് നേരില്‍കണ്ടു ആവശ്യപ്പെടുകയും അവര്‍ ഇക്കാര്യം പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളുടെയും ഇടുക്കി ജില്ലയുടെയും സമഗ്ര വികസനത്തിനും പദ്ധതി ഉപകാരപ്പെടും. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ദേശിയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ മുന്നേറ്റമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും ഡീന്‍ പറഞ്ഞു.