മൂവാറ്റുപുഴ: വളക്കുഴി ഡംബിംഗ് യാര്‍ഡിലെ മാലിന്യ സംസ്കരണ സംവിധാനം താറുമാറായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍. ഇവിടുന്ന് ദുര്‍ഗന്ധം ഉയര്‍ന്നു തുടങ്ങിയിട്ട് ആഴ്ചകളായിട്ടും നഗരസഭ അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞ് നോക്കിയില്ല. ആറ് പതിറ്റാണ്ടായി നഗരത്തിന്റെ മുഴുവന്‍ മാലിന്യവും പേറുന്ന ഈസ്റ്റ് കടാതിയിലെ ഡംമ്പിംഗ് യാര്‍ഡാണ് അധികൃതരുടെ കെടുകാര്യസ്തതമൂലം ഒരു പ്രദേശത്തിന്റെ മുഴുവന്‍ ഉറക്കം കെടുത്തുന്നത്. അസഹ്യമായ ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതോടെ് സ്ത്രീകളടക്കമുള്ള പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എല്ലാം ഇപ്പം ശരിയാക്കാമെന്ന പതിവ് മറുപടിയാണ് നഗരസഭയില്‍ നിന്നും ലഭിക്കുന്നതെന്ന് നാട്ടുകാര്‍ പയുന്നു.
നഗരത്തിലെ പൊതു റോഡുകളില്‍ നിന്നും, ഹോട്ടലുകളില്‍ നിന്നും മറ്റും ശേഖരിക്കുന്ന ഭക്ഷണ മാലിന്യങ്ങള്‍ ഉള്‍പ്പെടെ നിക്ഷേപിക്കുന്നത് നഗരസഭയുടെ ഡംബിംഗ് യാര്‍ഡിലാണ്. എന്നാല്‍ കൃത്യമായി രീതിയില്‍ മാലിന്യ സംസ്കരണം നടത്തുന്നതിന് നഗരസഭക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. അശാസ്ത്രീയമായ രീതിയിലാണ് നഗരസഭയുടെ ഡംബിംഗ് യാര്‍ഡില്‍ മാലിന്യ സംസ്കരണം നടക്കുന്നതെന്നും, ശുദ്ധവായു ശ്വാസിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്നും, നിരവധി തവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലില്‍ ഡംബിംഗ് യാര്‍ഡില്‍ ബയോ മൈനിംഗ് ആരംഭിക്കുന്നതിന് കോടികള്‍ മുടക്കി കൂറ്റന്‍ യന്ത്ര സാമിഗ്രികള്‍ നാഗ്പൂരില്‍ നിന്നെത്തിച്ചിരുന്നെങ്കിലും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. നാഗ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എംഎസ് ലിമിറ്റഡാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ കാര്യക്ഷമമായ രീതിയില്ല മാലിന്യ സംസ്കരണം നടത്താന്‍ ഇതുവരെയും ആരംഭിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഡംബിംഗ് യാര്‍ഡിലെ മാലിന്യങ്ങള്‍ തെരുവുനായ്ക്കളും കാക്കകളും പരിസരത്തെ വീടുകള്‍ക്ക് മുന്നിലും, മറ്റ് പൊതുസ്ഥലങ്ങളിലും കൊണ്ടിടുന്നത്് പ്രദേശത്തെ നിത്യകാഴ്ചയായി മാറിയിരിക്കുകയാണ്. നഗരസഭയുടെ നിഷ്ക്രിയത്വത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതല്‍ വളക്കുഴിയിലേക്ക് എത്തുന്ന മാലിന്യ സംഭരണ വാഹനങ്ങള്‍ തടയാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.