മൂവാറ്റുപുഴ: കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ പി.എച്ച്.സി.കളുടെ നടപടികള്‍ വേഗതയില്‍ പൂര്‍ത്തീകരിക്കണമെന്ന് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഘട്ടം ഘട്ടമായി നിയോജക മണ്ഡലത്തിലെ 10- പി.എച്ച്.സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിരുന്നു. രാവിലെ മുതല്‍ വൈകിട്ട് 6 വരെ രോഗികള്‍ക്ക് സേവനം നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വച്ചത് .ഇതിനായി ഡോക്ടര്‍മാരുടെയും ഇതര ജീവനക്കാരുടേയും എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും, അടിസ്ഥാന സൗകര്യവും ,ലാബ്, ഫാര്‍മസി എന്നിവയുടെ ക്രമീകരണമുള്‍പ്പെടെ ആരോഗ്യ വകുപ്പ് നിഷ്കര്‍ഷിക്കുന്ന മാനദണ്ഡള്‍ക്കനുസൃതമായി ആശുപത്രികളെ ഒരുക്കുന്നതിനും തീരുമാനിച്ചിരുന്നു.
പായിപ്ര, കടവൂര്‍, പോത്താനിക്കാട്, പാലക്കുഴ, വാളകം,ആവോലി പി.എച്ച്.സി.കളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടന്നു. മഞ്ഞള്ളൂര്‍, ആവോലി, കല്ലൂര്‍ക്കാട്, മാറാടി ആയവന എന്നിവിടങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്ന നടപടികളിലെ കാലതാമസം ഒഴിവാക്കണമെന്ന് മുന്‍ എം എല്‍ എ എല്‍ദോ എബ്രഹാം അധികൃതരോട് ആവശ്യപ്പെട്ടു.
എം.എല്‍.എ ഫണ്ട്, എന്‍.എച്ച്.എം ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ടുകള്‍ ഉപയോഗിച്ചാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇതിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ മഞ്ഞള്ളൂര്‍ പി.എച്ച്.സിക്ക് എം.എല്‍.എ ഫണ്ട് ഉള്‍പ്പെടെ 1.25 കോടി രൂപ ചെലവില്‍ പുതിയ മന്ദിരം പണിതീര്‍ത്തിരുന്നു. മാറാടിയില്‍ 40 ലക്ഷം രൂപയ്ക്ക് പുതിയ മന്ദിരവും പണിതു.
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 3 ഡോക്ടര്‍മാര്‍ വേണം എന്നിരിക്കെ ആവോലി 2,ആയവന 1, മാറാടി 1 ഡോക്ടര്‍മാര്‍ മാത്രമേയുള്ളു. കോവിഡ് അതിവ്യാപന സാഹചര്യമായതിനാല്‍ രോഗികളുടെ എണ്ണവും കൂടുതലാണ്. ആവോലി, മഞ്ഞള്ളുര് ആശുപത്രികളില്‍ ലാബ് സജ്ജമാക്കി എങ്കിലും ടെക്നിഷ്യന്മാരെ നിയമിച്ചിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന പാദത്തില്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ കല്ലൂര്‍ക്കാട് പി.എച്ച്.സി യില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതേയുള്ളു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അതത് പഞ്ചായത്തുകളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിനും സുഗമമായ പ്രവര്‍ത്തനത്തിനും സേവനത്തിനും 2022-23 സാമ്പത്തിക വര്‍ഷം കൂടുതല്‍ തുക മാറ്റിവയ്ക്കാന്‍ തയ്യാറാകണമെന്നും മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു.
മൂവാറ്റുപുഴയില്‍ ഇപ്പോള്‍ 3000 ആളുകള്‍ കോവിഡ് സ്ഥിരീകരിച്ച് ചികില്‍സയിലുണ്ട്. കോവിഡ് കേസുകള്‍ പ്രതിദിനം വര്‍ദ്ദിച്ച സാഹചര്യം കൂടി കണക്കാക്കി മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കേണ്ടതിന്റെ ആവശ്യകത ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ: സജിത് ജോണിനെ അറിയിച്ചു. ആശുപത്രികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണമെന്നും എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു.