ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് കെ.സി. വേണുഗോപാലിനെ ഒഴിവാക്കിയ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് കാണ്‍ഗ്രസ് വക്താവ് അഡ്വ. അനില്‍ ബോസ്. ബൈപാസിന്റെ പൂര്‍ത്തീകരണത്തിന് ഇന്ന് ഏതെങ്കിലും ഒരു വ്യക്തിക്ക് ക്രെഡിറ്റ് അവകാശപ്പെടാന്‍ കഴിയുമെങ്കില്‍ അത് കെസി വേണുഗോപാലിന് മാത്രമാണ് എന്നും അനില്‍ ബോസ് പറഞ്ഞു.
ആറുമാസക്കാലം മാത്രം ധനകാര്യ വകുപ്പ് മന്ത്രി ആയിരുന്ന തച്ചടി പ്രഭാകരന്റെ ഭരണപരമായ വിജയമാണ് നെടുമുടി, പള്ളാത്തുരുത്തി പാലത്തിന്റെ സാക്ഷാല്‍ക്കാരം. അന്ന് തച്ചടിയെ ഒഴിവാക്കി ഉദ്ഘാടനം നടത്തിയ സിപിഎമ്മുകാരും ജി. സുധാകരനും അതെ നിലപാടാണ് തീരദേശ ഹൈവേ ഉദ്ഘാടന ചടങ്ങിലും കാണിക്കുന്നതെന്നും അഡ്വ. അനില്‍ ബോസ് വിമര്‍ശിച്ചു.
എംഎല്‍എ ആയും, എം.പിയായും സംസ്ഥാന മന്ത്രിയായും, കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ച കാലയളവില്‍ കെ.സി വേണുഗോപാല്‍ നടത്തിയിട്ടുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളതാണ്. ആലപ്പുഴയുടെ ജന മനസ്സിലും ബൈപാസ് പൂര്‍ത്തീകരണ നായകന് വേണുഗോപാല്‍ തന്നെയെന്നും അനില്‍ ബോസ് പറഞ്ഞു.
അത് കവര്‍ന്നെടുക്കാന്‍ ഉള്ള ജി സുധാകരന്റെ ഒറ്റയാന് കളിയെ സ്ഥലം സി.പി.എം എംപിയും, ധനകാര്യമന്ത്രി തോമസ് ഐസക്കും പോലും അംഗീകരിക്കുന്നുണ്ടോ എന്ന് സുധാകരന് വ്യക്തമാക്കണമെന്നും അനില്‍ ബോസ് പറഞ്ഞു.