മൂവാറ്റുപുഴ: അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാന്‍ പൊതു ജനങ്ങളുടെ അഭിപ്രായങ്ങളും പരാതികളും അറിയിക്കുന്നതിനായി ജോയിന്റ് കൗണ്‍സില്‍ മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധ്വനി എന്ന പേരില്‍ പരാതി പെട്ടി സ്ഥാപിച്ചു.
ജോയിന്റ് കൗണ്‍സില്‍ ചെയര്മാന്, ജനറല്‍ സെക്രട്ടറി, അധ്യാപക സര്‍വ്വീസ് സംഘടന സമരസമിതി കണ്‍വീനര്‍, ആള് ഇന്ത്യാ സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് കണ്‍വീനര്‍, കേരള ഫാര്‍മസി കൗണ്‍സില്‍ പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും കേരളത്തിലേയും മറ്റ് സംസ്ഥാനങ്ങളിലേയും ജീവനക്കാരുടെയും അവകാശ സംരക്ഷണ പോരാട്ടത്തിന് ഫല പ്രദമായ നേതൃത്വം കൊടുക്കുകയും അഴിമതിക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തുകയും ചെയ്ത എം.എന്‍ .വി.ജി. അടിയോടിയുടെ 15ാം അനുസ്മരണ ദിനാചരണത്തോടനുബന്ധിച്ചാണ് മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ അഴിമതി രഹിത ജനപക്ഷ സിവില്‍ സര്‍വ്വീസ് എന്ന ഏവരുടെയും ലക്ഷ്യത്തിലേയ്ക്ക് ഉള്ള ഒരു ചുവട് എന്ന തരത്തില്‍ പരാതിപ്പെട്ടി സ്ഥാപിച്ചത്.
ഓഫീസ് സംവിധാനം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ജീവനക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയ വിനിമയം ശക്തമാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നിയമ വ്യവസ്ഥയ്ക്ക് വിരുദ്ധമായും പൊതു സേവനത്തിന് ഹാനികരമായും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കില്‍ അത്തരക്കാരെ നേരിന്റെ വഴിയെ നയിക്കാനും, ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍, ആക്ഷേപങ്ങള്‍ എന്നി രേഖാമൂലം നല്‍കുന്നതിനായി ‘ധ്വനി’ എന്ന പേരില്‍ പരാതിപ്പെട്ടി ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുണ്ട്. മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങ് ജില്ലാ ട്രഷറര്‍ കെ.കെ.ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. വനിത ജില്ലാ കമ്മിറ്റി അംഗം വി. സന്ധ്യാ രാജി, മേഖല സെക്രട്ടറി അനൂപ് കുമാര്‍ എം.എസ്. എന്നിവര്‍ സംസാരിച്ചു.