മൂവാറ്റുപുഴ: പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 30 ന് വാഴക്കുളം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പൈനാപ്പിള്‍ ഫെസ്റ്റ് സംഘടിപ്പിക്കും. ഫെസ്റ്റിനോടനുബന്ധിച്ച് പൈനാപ്പിള്‍ പാചക മത്സരം, വിള മത്സരം, കാര്‍ഷിക സെമിനാര്‍, പൊതുസമ്മേളനം, പൈനാപ്പിള്‍ ശ്രീ അവാര്‍ഡ് ദാനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ ജയിംസ് ജോര്‍ജ്, ജോജോ ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചകഴിഞ്ഞ് രണ്ടിന് പൈനാപ്പിള്‍ പാചക മത്സരം, വിള മത്സരം എന്നിവയുടെ രജിസ്ട്രേഷന് ആരംഭിക്കും. വൈകീട്ട് 3.30 ന് ചെടികള്‍ പുഷ്പിക്കാത്തതും രാസവള പ്രയോഗവും എന്ന വിഷയത്തില്‍ ഡോ. മായ ടിയുടെ നേതൃത്വത്തില്‍ കാര്‍ഷിക സെമിനാര്‍ ആരംഭിക്കും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. മാത്യു കുഴല്നാടന് എംഎല്‍എ അധ്യക്ഷത വഹിക്കും.
ഡീന്‍ കുര്യാക്കോസ് എം.പി., പി. ജെ.ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുന്‍ എം.എല്‍.എ. എല്‍ദോ എബ്രഹാം, വാഴക്കുളം അഗ്രോ പ്രോസസ്സിംഗ് കമ്പനി ചെയര്മാന് അഡ്വ. ജോസ് ടോം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
സംസ്ഥാന പൈനാപ്പിള്‍ ശ്രീ അവാര്‍ഡ് ജേതാവ് സത്യന് കല്ലിങ്കലിന് ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട ആയവന കൃഷി ഓഫീസര്‍ അഞ്ജു പോളിനെ ആദരിക്കും.