മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരത്തിലെ പ്രധാന ബൈറോഡുകളായ ആശ്രമംകുന്ന് റോഡ്,ആസാദ് – ആട്ടായം റോഡ്, മാർക്കറ്റ് റോഡ് എന്നിവ ബിഎംബിസി നിലവാരത്തിൽ പൂർത്തീകരിച്ചത് നാടിനായി സമർപ്പിച്ച് മാത്യു കുഴൽനാടൻ എംഎൽഎ.
ഇന്നലെ രാവിലെ ഏഴു മണിയോടെ ‘Walk With MLA’ എന്ന പേരിൽ എംഎൽഎയുടെയും മുൻസിപ്പൽ ചെയർമാന്റെയും നേതൃത്വത്തിൽ തദ്ദേശവാസികളെയും കോൺഗ്രസ് യുഡിഎഫ് പ്രവർത്തകരെയും ചേർത്ത് ഒരു ജനകീയ പദയാത്ര നടത്തി കൊണ്ടാണ് എംഎൽഎ റോഡുകൾ നാടിന് സമർപ്പിച്ചത്. ആശ്രമംകുന്ന് റോഡ് ആരംഭിക്കുന്ന മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും പദയാത്രയായി സമർപ്പണജാഥ ആരംഭിച്ച് ആശ്രമംകുന്ന് റോഡിലൂടെ ചാലിക്കടവ് പാലം വഴി മാർക്കറ്റ് റോഡിലെത്തി അതുവഴി ആസാദ് – ആട്ടായം റോഡിലൂടെ കിഴക്കേകടവിലെത്തിയാണ് സമർപ്പണജാഥ സമാപിച്ചത്.
മൂവാറ്റുപുഴ നഗര വികസനത്തോടൊപ്പം നഗരത്തിലെ പ്രധാന ബൈറോടുകളും ഉന്നത നിലവാരത്തിൽ സഞ്ചാരയോഗ്യമാകുന്നതിന് എംഎൽഎ നൽകുന്ന പ്രഥമ പരിഗണനയുടെ ഭാഗമായിട്ടാണ് ഈ റോഡുകളുടെ നവീകരണം.
മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സുപ്രധാന പങ്ക് വഹിക്കുന്ന ഒരു റോഡാണ് ഇപ്പോൾ പണി പൂർത്തിയായിരിക്കുന്ന ആശ്രമംകുന്ന് റോഡ്. കോതമംഗലത്ത് നിന്നും തൊടുപുഴ പിറവം കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് നഗരത്തെ സ്പർശിക്കാതെ പോകുവാൻ സാധിക്കുന്ന മാർഗമാണിത്.
പായിപ്ര പഞ്ചായത്തിനെയും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആസാദ് ആട്ടായം റോഡ് നവീകരണം എന്നത് ആട്ടായം ആസാദ് നിവാസികളുടെ ഒരു പതിറ്റാണ്ടിലേറെയായ സ്വപ്നമായിരുന്നു, അതാണ് ഇപ്പോൾ സാഫല്യമായിരിക്കുന്നത്.
മൂവാറ്റുപുഴയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് മൂവാറ്റുപുഴ മാർക്കറ്റ് റോഡ് ബിഎംപിസി നിലവാരത്തിൽ ഇത്രയും വീതി കൂട്ടി നിർമ്മിക്കുന്നത്. കിഴക്കൻ മേഖലകളിൽ നിന്നുള്ള കർഷകർ മുഴുവൻ ആശ്രയിച്ചിരുന്ന മൂവാറ്റുപുഴ മാർക്കറ്റ് സഞ്ചാരയോഗ്യമല്ലാത്തതിനാലും പാർക്കിംഗ് ബുദ്ധിമുട്ടുകൾ കാരണവും കച്ചവടത്തെ സാരമായി ബാധിച്ചിരുന്നു ഇവക്കെല്ലാം ഇനി ഒരു പരിഹാരം ആവുകയാണ്.
തിരഞ്ഞെടുപ്പ് കാലത്ത് മൂവാറ്റുപുഴയിലെ ജനങ്ങൾക്ക് നൽകിയ വാക്കാണ് ‘കൂടുതൽ മികച്ച മൂവാറ്റുപുഴ’ എന്നത്. അതിലേക്ക് ഒരു പടി കൂടി കടക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും തുടർന്നും കൂടുതൽ മികച്ച മൂവാറ്റുപുഴയ്ക്കാനുള്ള പരിശ്രമങ്ങൾ ആത്മാർത്ഥമായി തന്നെ തുടരുമെന്നും എംഎൽഎ പറഞ്ഞു.
ജനകീയ പദയാത്ര കോട്ടയം എംപി ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു, മുൻസിപ്പൽ ചെയർമാൻ പി പി എൽദോസ്, മുൻ നഗരസഭാ ചെയർമാൻ മുഹമ്മദ് ബഷീർ, യുഡിഎഫ് ചെയർമാൻ കെ എം സലിം. കൺവീനർ കെ എം അബ്ദുൽ മജീദ്, മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം പി എം അമീർ അലി,മണ്ഡലം പ്രസിഡണ്ട് പി എ ബഷീർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ, കെ എം പരീത്, Adv. വർഗീസ് മാത്യൂ , ടോമി പാലമല, മുനിസിപ്പൽ വൈ ചെയർമാൻ സിനി ബിജു , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അജി മുണ്ടാട്ട്, പി എം അബ്ദുൽസലാം, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ കെ എം അബ്ദുൽസലാം, ഷാൻ പ്ലാക്കുടി, ജോളി മോൻ ചൂണ്ടയിൽ, മാത്യൂസ് വർക്കി, എസ്. മജീദ്, മുനിസിപ്പൽ കൗൺസിലർമാർ ഗ്രാമപഞ്ചായത്ത് മെമ്പർമാർ എന്നിവർ സംസാരിച്ചു.