ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റില്‍ വീണ്ടും കാട്ടാന ആക്രമണം. ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പന് റേഷന്‍ കട തകര്‍ത്തു. കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അരിക്കൊമ്പന് ജനവാസ മേഖലയില്‍ ഇറങ്ങുന്നത്.
അരിക്കൊമ്പന്റെ നിരന്തര ആക്രമണത്തെ തുടര്‍ന്ന് കടയില്‍ ഉണ്ടായിരുന്ന റേഷന്‍ സാധങ്ങള്‍ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. അതിനാല്‍ റേഷന്‍ സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പതിനൊന്ന് തവണയാണ് ആന കട തകര്‍ക്കുന്നത് .കഴിഞ്ഞ പത്ത് ദിവസത്തിനിടെ നാലാമത്തെ തവണയാണ് ഇവിടെ ആന ഇറങ്ങുന്നത്.
റേഷന്‍കട തകര്‍ത്തശേഷം കടയിലെ വസ്തുക്കള്‍ കഴിക്കുന്നതാണ് ആനയുടെ രീതി. 26 വര്‍ഷമായി ആന്റണി എന്നയാളുടെ റേഷന്‍കട ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പതിനൊന്ന് തവണ ആന ഈ കട തകര്‍ത്ത് അരിയടക്കമുളളവ തിന്നിരുന്നു.
റേഷന്‍ കട പൊളിച്ച് അരിച്ചാക്ക് പുറത്തെടുത്ത് അരി മറ്റും കഴിച്ച ശേഷം ആന തിരിച്ചു പോവാറാണ് പതിവ്. രണ്ടാഴ്ചക്ക് മുമ്പ് ആന ജനവാസമേഖലയില്‍ ഇറങ്ങി രണ്ട് വീടുകള്‍ നശിപ്പിച്ച് അരിയെടുത്ത് ഭക്ഷിച്ചിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ആന ഇതുവരെ ആളുകളെ ആക്രമിച്ചിട്ടില്ല. എങ്കിലും വീടുകള്‍ തകര്‍ത്ത് അരി കഴിക്കുന്നത് പതിവായതിനാല്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു.
ഇതിനിടെ ശാന്തന്‍പാറ ചിന്നക്കനാല്‍ ബി എല്‍ റാമില്‍ കാട്ടാന വീട് തകര്‍ത്തു. കുന്നത്ത് ബെന്നിയുടെ വീടാണ് വെളുപ്പിന് രണ്ടു മണിക്ക് അരികൊമ്പന് തകര്‍ത്തത്. ബെന്നിയും ഭാര്യയും തലനാരിഴക്കാണ് രക്ഷപെട്ടത്. ശബ്ദം കേട്ട് എത്തിയ പ്രദേശവാസികള്‍ ഒച്ച വെച്ചാണ് ആനയെ ഓടിച്ചത്. പരുക്കേറ്റ ബെന്നി രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സാ തേടി.