മൂവാറ്റുപുഴ: നഗരത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം താറുമാറായിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഉദ്യോഗസ്ഥ തസ്തികകള്‍ ഒഴിഞ്ഞുതന്നെ. പൊതുജനങ്ങളുടെയും, ജനപ്രതിനിധികളുടെയും നിരന്തര പരാതിയും, പ്രതിഷേധവുമുണ്ടായിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റി അധികൃതകര്‍ തയ്യാറായിട്ടില്ല. പൊതുജനങ്ങളെ ദുരിതത്തിലാക്കിയുള്ള വാട്ടര്‍ അതോറിറ്റിയുടെ അലംഭാവം തുടരുന്നതിനെതിരെയും, ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ടും യൂത്ത് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റും, മൂവാറ്റുപുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ജോസ് കുര്യാക്കോസ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കിയിട്ടുണ്ട്.
നഗരത്തില്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടുന്നതും, ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നതും പതിവായി മാറിയിരിക്കുകയാണ്. ഇതോടെ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുകയാണ്. അധികൃതരുടെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതും, ആഭാവവുമാണ് പ്രശ്നപരിഹാരം വൈകാന്‍ കാരണം. നിലവില്‍ മൂവാറ്റുപുഴ ഡിവിഷനില്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെയും, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിയമനം നടത്താത്തതാണ് പൊതുജനങ്ങളെ ദുരിതത്തിലാക്കുന്നത്. നിയമനം നടത്തണമെന്നാവശ്യപ്പെട്ട് പലതവണ പരാതി നല്‍കിയിട്ടും തസ്തികകള്‍ ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. വാഴക്കുളം എഎക്സ്ഇക്കും, ഇലഞ്ഞി എഇക്കുമാണ് നിലവില്‍ മൂവാറ്റുപുഴ ഡിവിഷന്റെ കൂടി അഡിഷണല്‍ ചാര്‍ജ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരള വാട്ടര്‍ അതോറിറ്റി വിവിധ ഡിവിഷനുകളിലായി 14ഓളം നിയമനങ്ങള്‍ നടത്തിയെങ്കിലും മൂവാറ്റുപുഴ ഡിവിഷനെ മാത്രം പരിഗണിച്ചില്ല.
ഉദ്യോഗസ്ഥ തസ്തികകളില്‍ നിയമനം നടത്താത്തതോടെ പ്രശ്ന പരിഹാരം കാണാന്‍ കാലതാമസം നേരിടുകയാണ്. കടാതി, വെള്ളൂര്‍ക്കുന്നം, കിഴക്കേക്കര തുടങ്ങി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലെല്ലാം കുടിവെള്ള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തിന് മുന്നിലും ദിവസങ്ങളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്. ക്ഷേത്രത്തിന് മുന്നിലൂടെ വെള്ളം ഒഴുകുന്നത്തോടെ ക്ഷേത്രത്തിലെത്തുന്ന ഭക്തരും ദുരിതത്തിലായിരിക്കുകയാണ്. നഗരസഭ കൗണ്‍സിലര്‍മാരും, വാര്‍ഡ് മെമ്പര്‍മാരും, മറ്റ് ജനപ്രതിനിധികളും തുടര്‍ച്ചയായി പ്രശ്ന പരിഹാരത്തിനായി വാട്ടര്‍ അതോറിറ്റി അധികൃതരെ സമീപിക്കുകയും, പ്രതിഷേധിക്കുകയും ചെയ്തിട്ടും പരിഹാരം കാണാമെന്ന പാഴ്വാക്കല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ ഉടന്‍ നിയമനം നടത്തുന്നതിനും, നഗരത്തിലെ കുടിവെള്ള വിതരണ പ്രശ്നത്തിന് ഉടന്‍ ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായും വലിയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ജനപ്രതിനിധികള്‍.