ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. വിവിധ സ്ഥലങ്ങളില്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എം.എല്‍.എമാര്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പിനും മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ജില്ലാ വികസന സമിതി അധ്യക്ഷയായ ജില്ലാ കളക്ടര്‍ ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
ആലുവ – മൂന്നാര്‍ റോഡ്, പുന്നേക്കാട് കവല എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ ആന്റണി ജോണ്‍ എം.എല്‍.എയും വൈപ്പിന്‍ – പള്ളിപ്പുറം സമാന്തര റോഡ് നിര്‍മാണം സംബന്ധിച്ച് കെ.എന്‍ ഉണ്ണിക്കൃഷ്ണന് എം.എല്‍.എയുമാണ് വികസന സമിതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. കരാറുകാരുമായി ചര്‍ച്ച ചെയ്ത് സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
കാക്കനാട് – തങ്കളം റോഡ് പദ്ധതി സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് അടുത്ത വികസനസമിതി യോഗത്തിന് മുമ്പായി സമര്‍പ്പിക്കണം. വൈപ്പിന്‍ – പള്ളിപ്പുറം സമാന്തര റോഡില്‍ എടവനക്കാട് അണിയില്‍ ഭാഗത്ത് അടിഞ്ഞുകൂടിയിട്ടുള്ള മണ്ണ് നീക്കം ചെയ്യാന്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറും ഇറിഗേഷന്‍ വകുപ്പും നടപടി സ്വീകരിക്കും. നബാര്‍ഡ് സഹായത്തോടെയുള്ള റോഡ് പദ്ധതിക്ക് അധികമായി ആവശ്യം വരുന്ന തുക ലഭ്യമാക്കുക, ഗോശ്രീ പാലത്തിന്റെയും കൈവരികളുടെയും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുക, എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പല്ലമ്പിള്ളി റോഡ്, ഇക്ബാല്‍ റോഡ്, നായരമ്പലം ഭഗവതി റോഡ് എന്നിവ പുനഃനിര്‍മിച്ച് ഗതാഗത യോഗ്യമാക്കുക തുടങ്ങിയ വിഷയങ്ങളും കെ.എന്‍. ഉണ്ണിക്കൃഷ്ണന് എം.എല്‍.എ ഉന്നയിച്ചു. കൂത്താട്ടുകുളം-രാമപുരം കവലയില്‍ സ്ഥിരമായി അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ ഇവിടെ ഉടന്‍ സ്പീഡ് ബാരിയര്‍ സ്ഥാപിക്കണമെന്ന് അനൂപ് ജേക്കബ് എംഎല്‍എ ആവശ്യപ്പെട്ടു.
അടിവാട് -പരീക്കണ്ണി- എറണാകുളം ബസ് സര്‍വീസ് ഡിസംബര്‍ ഒന്നിന് പുനരാരംഭിക്കണമെന്ന് ആന്റണി ജോണ്‍ എംഎല്‍എ ആവശ്യപ്പെട്ടു. തട്ടേക്കാട് കുട്ടമ്പുഴ സത്രപ്പടിയില്‍ ആനയിറങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ എലിഫന്റ് സ്ക്വാഡുകളെ വിന്യസിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു. കോതമംഗലം, നേര്യമംഗലം ആശുപത്രികളില്‍ ഡോക്ടറുടെ സേവനം എല്ലാ ദിവസവും ഉറപ്പാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരമേഖലകള്ക്കൊപ്പം ഗ്രാമീണ മേഖലകളിലും പരിശോധന കര്ശനമാക്കാണം. മുവാറ്റുപുഴയാറിലേക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ മലിനജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച പരാതി പരിശോധിക്കാന്‍ നഗരസഭയ്ക്ക് കളക്ടര്‍ നിര്‍ദേശം നല്കി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ. ഫാത്തിമയും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥന്മാരും പങ്കെടുത്തു.