കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി കെ.കെ ജയകുമാറിനെ അന്യത്രസേവന വ്യവസ്ഥയില്‍ നിയമിച്ച് ഉത്തരവായി. എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മലയാള മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വിവിധ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചശേഷം 2014 ലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പ്രവര്‍ത്തനം ആരംഭിച്ചത്.
പെഴ്സണല്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും പത്രമാധ്യമങ്ങളിലെ കോളമിസ്റ്റും വിവര്‍ത്തകനുമായ ജയകുമാറിന് കേരളത്തിലെ ഏറ്റവും മികച്ച ഫിനാന്‍ഷ്യല്‍ ജേണലിസ്റ്റിനുള്ള കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരള മീഡിയ അക്കാഡമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ പി.ജി. ഡിപ്ലോമയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ (കോഴിക്കോട് ) നിന്ന് ഡാറ്റ ജേണലിസം, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംഗ് എന്നിവയില്‍ വിദഗ്ധ പരിശീലനവും നേടിയിട്ടുണ്ട്. ചേര്‍ത്തല പള്ളിപ്പുറം കേളമംഗലം സ്വദേശിയാണ്.