കൊച്ചി: ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കാളികളായി ആദിവാസി ഗോത്രവര്‍ഗ യുവതീയുവാക്കള്‍. സിവില്‍ സ്റ്റേഷന് പരേഡ് ഗ്രൗണ്ടില്‍ നടന്ന 74ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ തെലുങ്കാന, മഹാരാഷ്ട്ര, ചത്തീസ്ഗഡ്, ഒറീസ, ജാര്‍ഖണ്ഡ് എന്നീ 5 സംസ്ഥാനങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത 200 ഗോത്രവര്‍ഗ യുവതീയുവാക്കളാണ് പങ്കെടുത്തത്. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സംഘവുമായി ആശയവിനിമയം നടത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും യുവജനകാര്യ കായിക മന്ത്രാലയത്തിന്റെയും നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നെഹ്റു യുവ കേന്ദ്ര സംഘടിപ്പിക്കുന്ന പതിനാലാമത് ഗോത്രവര്‍ഗ വിനിമയ പരിപാടിയുടെ ഭാഗമായാണ് സംഘം കൊച്ചിയിലെത്തിയത്. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് ആദിവാസി യുവതയെ ബോധവത്കരിക്കുകയും നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ വിലമതിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ജനുവരി 22ന് കൊച്ചിയിലെത്തിയ സംഘം 29ന് സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരിച്ചുപോകും. വിവിധ ഭാഷകള്‍, സംസ്കാരം, ജീവിതശൈലി, വികസന പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടുക, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള അവരുടെ സമപ്രായക്കാരുമായി വൈകാരിക ബന്ധം വളര്‍ത്തിയെടുക്കാന്‍ പ്രാപ്തരാക്കുകയും അതിലൂടെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കാന്‍ ആദിവാസി യുവതയെ സഹായിക്കുകയും ചെയ്യുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്.