തിരുവനന്തപുരം: കെപിസിസി അവലോകന യോഗത്തില്‍ മുന്‍ മന്ത്രി വി എസ് ശിവകുമാറിനെതിരെ പ്രതിഷേധം. യോഗത്തില്‍ ബഹളം ഉടലെടുത്തതോടെ നിര്‍ത്തിവെക്കുകയായിരുന്നു. ശിവകുമാറിന് ഇനി സീറ്റ് നല്‍കരുതെന്നും ആവശ്യമുയര്‍ന്നു. കെപിസിസി അധ്യക്ഷന്റെ സാന്നിധ്യത്തിലായിരുന്നു വാക്പോര്. തിരുവനന്തപുരം ജില്ലയുടെ അവലോകനയോഗം വീണ്ടും വിളിച്ചു ചേര്‍ക്കാന്‍ തീരുമാനമായി.
വി എസ് ശിവകുമാറിനെതിരെ നേരത്തെ അധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സിന് പരാതികള്‍ ലഭിച്ചിരുന്നു. മന്ത്രിയായിരിക്കെ വി എസ് ശിവകുമാറും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു പരാതി.
ശിവകുമാര്‍ എംഎല്‍എ വോട്ട് മറിച്ചെന്ന ആരോപണവുമായി നേരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നെടുങ്കാട് വാര്‍ഡില്‍ നിന്നും മത്സരിച്ച സ്ഥാനാര്‍ത്ഥി എസ്ആര്‍ പത്മകുമാറാണ് ആരോപണവുമായി രംഗത്തെത്തിയത്.
നെടുങ്കാട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥിതി പരിതാപകരമാണെന്നും പാര്‍ട്ടി അവിടെ മൂന്ന് ചേരിയാണെന്നും പത്മകുമാര്‍ ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആയിരത്തിലധികം വോട്ടുകള്‍ ലഭിച്ച വാര്‍ഡില്‍ ഇത്തവണ പാര്‍ട്ടിക്ക് 74 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തിരുവനന്തപുരം എംഎല്‍എ വിഎസ് ശിവകുമാര്‍ ഇടപെട്ട് വോട്ട് കച്ചവടം നടത്തിയെന്നാണ് പത്മകുമാര്‍ ആരോപിക്കുന്നത്.