കെഎംആര്‍എല്‍ന്റെ വികസനവുമായി ബന്ധപ്പെട്ട് എറണാകുളം ടൗണ്‍ഹാളില്‍ കൂടിയ യോഗത്തില്‍ എംഡിക്ക് കത്ത് നല്കി.
കൊച്ചിയില്‍ നിന്ന് കാക്കനാട്ടേക്ക് മെട്രോ റെയില്‍ നീട്ടുന്ന ഈ അവസരത്തില്‍ മൂവാറ്റുപുഴയിലേക്ക് മെട്രോറെയില്‍ നീട്ടുന്നതിന്റെ പ്രസക്തിയാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.
കൊച്ചി നഗരത്തിന്റെ വികസനം കിഴക്കന്‍ മേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ കഴിയുന്നതിന് ഏറ്റവും നല്ല മാര്‍ഗമാണ് കൊച്ചി മെട്രോ മൂവാറ്റുപുഴയിലേക്ക് നീട്ടാന്‍ പരിശ്രമിക്കുന്നത്.
മൂവാറ്റുപുഴ: കൊച്ചി മെട്രോ റെയില്‍ മൂവാറ്റുപുഴയിലേക്ക് വ്യാപിപ്പിക്കണമെന്ന് ഡോ. മാത്യു കുഴല്നാടന് എംഎല്‍എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ക്ക് എംഎല്‍എ കത്ത് നല്കി. കൊച്ചി മെട്രോ ലൈന്‍ മൂവാറ്റുപുഴയിലേക്ക് നീട്ടുന്നതിന് സമഗ്രമായ പഠനവും ചര്‍ച്ചയും ഉണ്ടാകണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
ജില്ലയുടെ കാര്‍ഷിക കേന്ദ്രമായ കിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമായ മൂവാറ്റുപുഴയില്‍ നിന്നും കൊച്ചി നഗരത്തിലേക്ക് വിവിധങ്ങളായ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം പരിശോധിച്ചാല്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ വന്നുപോകുന്ന പട്ടണം ആയിരിക്കും. വിവിധങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും ഉള്ള മൂവാറ്റുപുഴ സര്‍ക്കാരിന്റെ മാനദണ്ഡം അനുസരിച്ച് റെയില്‍ അനുവദിക്കുന്നതിന് ഉള്ള അമ്പതിനായിരത്തിലധികം ജനസംഖ്യ ഘടകവും ഈ ഘട്ടത്തില്‍ അനുകൂലമാണ്. കിഴക്കന്‍ മേഖലയില്‍ നിന്നും കൊച്ചിയിലേക്ക് പോകുന്നതിന് ആശ്രയിക്കുന്ന ഏകകേന്ദ്രം മൂവാറ്റുപുഴ പട്ടണം വഴിയുള്ള യാത്ര തന്നെയാണ്. മൂവാറ്റുപുഴ പട്ടണം യാത്രക്ലേശം മൂലം വീര്‍പ്പുമുട്ടുകയാണ്. ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ ഇവിടെ കൂടി കടന്നു പോകുന്ന എന്‍എച്ചില്‍ കൂടെയുള്ള യാത്ര വിവിധങ്ങളായ കാരണങ്ങളാല്‍ വളരെ ക്ലേശകരമാണ്. ഇത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ടതിന്സമയം അതിക്രമിച്ചിരിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു.
കൊച്ചിയില്‍ നിന്ന് കാക്കനാട്ടേക്ക് കൊച്ചി മെട്രോ റെയില്‍ നീട്ടുന്ന ഈ അവസരത്തില്‍ മൂവാറ്റുപുഴയിലേക്ക് റെയില്‍ ഗതാഗതം നീട്ടുന്നതിന്റെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണ്. ഇവിടുത്തെ ജനങ്ങളുടെ യാത്രാദുരിതം അവസാനിപ്പിക്കുക എന്ന ചിരകാല അഭിലാഷം സഫലീകരിക്കുന്നതിന് കൊച്ചി മെട്രോ ലൈന്‍ മൂവാറ്റുപുഴയിലേക്ക് നീട്ടുന്നതിന് നടപടി സ്വീകരിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.
നഗരങ്ങള്‍ ഉയരങ്ങളിലേക്ക് നീളുന്നതിന്റെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കഴിഞ്ഞ നാളുകളില്‍ ബാംഗ്ലൂരില്‍ കണ്ടതാണ്. അതില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നാളകളിലെ കൊച്ചിയുടെ വളര്‍ച്ച ദീര്‍ഘവീക്ഷണത്തോടെ ആയിരിക്കണം അങ്ങനെ വരുമ്പോള്‍ ഏറ്റവും കൂടുതല്‍ സാറ്റലൈറ്റ് സിറ്റിയുടെ സ്കോപ്പ് ഉള്ള നഗരമാണ് മൂവാറ്റുപുഴ. കിഴക്കന്‍ മേഖല പലപ്പോഴും വികസനകാര്യങ്ങളില്‍ അവഗണിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഒരു ജില്ല വേണമെന്ന് ആവശ്യം പോലും ഇവിടെ നിന്നും ഉയര്‍ന്നു വരുന്നുണ്ട്. ഇതിനൊക്കെ ഒരു പരിഹാരം കാണാന്‍ കഴിയുന്നതാണ് നഗരത്തിന്റെ സ്വാഭാവിക വളര്‍ച്ച.
കിഴക്കന്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയുന്ന ഒരു മാര്‍ഗ്ഗമാണ് കൊച്ചി മെട്രോയുടെ മൂവാറ്റുപുഴയിലെക്കുള്ള എക്സ്റ്റന്‍ഷന്‍ മാത്രമല്ല വലിയ വികസന സാധ്യതയുള്ള മേഖല കൂടിയാണ് മൂവാറ്റുപുഴ, കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ അടക്കം ജോലി ചെയ്യുന്നവര്‍ക്ക് കുറച്ചുകൂടി ഗ്രാമീണ അന്തരീക്ഷത്തിലും സാമ്പത്തിക ലാഭത്തോടുകൂടി ജീവിക്കാനും ഉല്ലാസകരമായ ജീവിത സാഹചര്യമൊരുക്കാനും കിഴക്കന്‍ മേഖലകള്‍ക്ക് കഴിയും ഇത് ഐടി മേഖലയുടെയും പൊതുവേ ഈ പ്രദേശത്തിന്റെയും വികസനത്തിന് സാധ്യമാകും.