പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്ക് പരിധിയിലെ അറക്കപ്പടി വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസായി മാറുന്ന നടപടികള്‍ അവസാന ഘട്ടത്തിലെത്തി. പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു.
എംഎല്‍എയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പുതിയ കെട്ടിടത്തിന്റെ ഉദ്ഘടനത്തിനായി സമയം അനുവദിക്കുന്നതിന് വകുപ്പ് മന്ത്രിക്ക് എംഎല്‍എ കത്ത് നല്കി. പൊതു ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യത്തിനായി വില്ലേജ് ഓഫീസ് ഇ ഓഫീസ് ആക്കി മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചതായി എം.എല്‍.എ അറിയിച്ചു. ഇതിന് ആവശ്യമായ തുക എംഎല്‍എ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിക്കും. മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും ഇത്തരത്തില്‍ ഇ ഓഫീസ് ആക്കി നവീകരിക്കും.
അറക്കപ്പടി ജംഗ്ഷനില്‍ നിന്നും മാറി ജയഭാരത് കോളേജിന് സമീപം 30 സെന്റ് സ്ഥലമാണ് പുതിയ കെട്ടിടത്തിനായി റവന്യൂ വകുപ്പ് കണ്ടെത്തി നല്‍കിയത്. ഒരു നിലയില്‍ 1410 ചതുരശ്രയടി ചുറ്റളവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. എംഎല്‍എ നല്കിയ ശുപാര്‍ശ പ്രകാരം റവന്യൂ വകുപ്പാണ് കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ 44 ലക്ഷം രൂപ അനുവദിച്ചത്.
വില്ലേജ് ഓഫീസറുടെ മുറി, ഹാള്‍, സന്ദര്‍ശകര്‍ക്കുള്ള മുറി, റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്ന മുറി, ശുചിമുറികള്‍ എന്നി വിശാലമായ സൗകര്യങ്ങള്‍ അടങ്ങുന്ന കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ ഓഫീസ് പരിസരം പുല്ലുകള്‍ പിടിപ്പിച്ചു മനോഹരമാക്കും.
നിലവില്‍ അറക്കപ്പടി ജംഗ്ഷനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരുന്ന വില്ലേജ് ഓഫീസ് ഇടുങ്ങിയതും കാലപഴക്കം മൂലം മോശമായ അവസ്ഥയിലാണ്.