കോട്ടയം: തരൂരിന് വേദിയൊരുക്കുന്നതിനെ ചൊല്ലി കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസില്‍ ഭിന്നത. ജില്ലാ നേതൃത്വം ഒറ്റക്കെട്ടായിയെടുത്ത തീരുമാനമാണെന്ന് പറയുമ്പോഴും ഇതിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. അതേസമയം വീണ്ടും സതീശനെ ഒഴിവാക്കി യൂത്ത് കോണ്‍ഗ്രസ് പാലായില്‍ പരിപാടിയുടെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചു.
കോഴിക്കോട് പ്രഖ്യാപിച്ച പരിപാടി യൂത്ത് കോണ്‍ഗ്രസിന് മാറ്റിവെക്കേണ്ടി വന്നെങ്കിലും കോട്ടയത്ത് അത് ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ഇതിനോടകം നിലപാട് നേതൃത്വം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ ഇത് വലിയ ഭിന്നതയ്ക്ക് ഇടവെച്ചിട്ടുണ്ട്. ഒരു വിഭാഗം കൂടിയാലോചനകള്‍ ഇല്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് മറുവിഭാഗം ആരോപിക്കുന്നത്.
ഡി.സി.സി.യുമായി കൂടിയാലോചന ഉണ്ടായില്ലെന്നാണ് ഡി.സി.സി പ്രസിഡന്റ് പറയുന്നത്. എന്നാല്‍ ‘എ’ ഗ്രൂപ്പിലേയും ‘ഐ’ ഗ്രൂപ്പിലേയും നേതാക്കള്‍ പരപാടിക്ക് രഹസ്യമായി പിന്തുണ നല്‍കുന്നുമുണ്ട്. കൂടാതെ യു.ഡി.എഫ് നേതാക്കളും പരിപാടിയോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
പാലായില്‍ യൂത്ത് കോണ്‍ഗ്രസ് ശശി തരൂരിന് സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. വി.ഡി സതീശനെ ഒഴിവാക്കിയ ഫ്ലക്സ് ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് വീണ്ടും വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിട്ടുണ്ട്.
അതേസമയം മലബാര്‍ പര്യടനം വിജയകരമായതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള നീക്കം ശശി തരൂര്‍ ശക്തിപ്പെടുത്തുന്നു. തെക്കന്‍- മധ്യ കേരളത്തിലും സമാനമായ രീതിയില്‍ വിവിധ പരിപാടികളില്‍ തരൂര്‍ പങ്കെടുക്കും.